ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വോട്ടുകൊള്ള നടന്നുവെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. 25 ലക്ഷം വോട്ടുകൊള്ള ഹരിയാനയിൽ നടന്നെന്ന് രാഹുൽ ആരോപിച്ചു. നടന്നത് ‘ഓപ്പറേഷൻ സർക്കാർ ചോരി’ ആണ്. ഒരു സർക്കാരിനെ തന്നെയാണ് തട്ടിയെടുത്തത്. കോൺഗ്രസ് ജയിക്കുമെന്ന് മിക്കവാറും സർവേകൾ പ്രവചിച്ചപ്പോഴാണ് എൻഡിഎ വിജയിച്ചതെന്നും രാഹുൽ പറഞ്ഞു.
വോട്ട് കൊള്ള ഏതെങ്കിലും സീറ്റുകളിൽ മാത്രമായി സംഭവിക്കുന്നതല്ല. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ആസൂത്രിതമായി നടക്കുന്നതാണ്. ഹരിയാനയിൽ കോൺഗ്രസ് ജയിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്.
കോൺഗ്രസിന്റെ വിജയം ഹരിയാനയിൽ അട്ടിമറിച്ച് പരാജയമാക്കി മാറ്റി. 100 ശതമാനം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. എല്ലാ സൂചനകളും സർവേകളും കോൺഗ്രസ് ജയം പ്രവചിച്ചപ്പോൾ ബിജെപി ഉറച്ച വിശ്വാസത്തിലായിരുന്നു.
കോൺഗ്രസ് തോറ്റ 8 മണ്ഡലങ്ങളിൽ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണ്.
ഒരു യുവതിയുടെ ചിത്രം വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ച രാഹുൽ ഇവരുടെ ഫോട്ടോ ഉപയോഗിച്ച് 22 തവണ 10 ബൂത്തുകളിലായി പല പേരുകളിലായി ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്നു വ്യക്തമാക്കി. ഇതൊരു കേന്ദ്രീകൃത അട്ടിമറിയാണ് എന്നു പറയാനുള്ള പ്രധാന കാരണം ഇതാണ്. യഥാർഥത്തിൽ മതീയസ് ഫെറാരോ എന്ന ഫോട്ടോഗ്രാഫർ എടുത്ത ബ്രസീലിയൻ മോഡലിന്റെ ചിത്രമാണിത്. ചിത്രത്തിലുള്ള ബ്രസീലിയൻ മോഡലിന്റെ പേരിൽ വോട്ടു ചേർത്ത് വോട്ടുചെയ്തുവെന്ന് രാഹുൽ പറഞ്ഞു.
വ്യാപക വോട്ടുകൊള്ള നടന്നതിനാലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സിസിടിവി ദൃശ്യങ്ങൾ പൂഴ്ത്തിയത്. നൂറും ഇരുന്നൂറും മുന്നൂറും ആയി ആർക്കും എത്ര തവണ വേണമെങ്കിലും വോട്ടു ചെയ്യാവുന്ന അവസ്ഥയാണ്. ഹരിയാനയിലെ ആകെ 2 കോടി വോട്ടർമാരിൽ എട്ടിലൊന്നും കള്ളവോട്ടാണ് –രാഹുൽ പറഞ്ഞു. ജയിക്കാൻ വേണ്ടി വ്യാപകമായി വോട്ട് ചെയ്യിപ്പിക്കുമെന്ന് കേരളത്തിലെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞ വിഡിയോയും രാഹുൽ പ്രദർശിപ്പിച്ചു. ജമ്മു കശ്മീരിൽ നിന്നുള്ള ആളുകളെ പോലും കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കുമെന്നാണ് വിഡിയോയിൽ ഗോപാലകൃഷ്ണൻ പറയുന്നത്.
25 ലക്ഷം വോട്ടുകൊള്ള ഹരിയാനയിൽ നടന്നെന്നാണ് രാഹുൽ ആരോപിച്ചത്. 5,21,619 ഡൂപ്ലിക്കേറ്റ് വോട്ടർമാരുണ്ടായി. 93,174 വ്യാജ വിലാസങ്ങളുണ്ടായെന്നും 19 ലക്ഷം ബൾക്ക് വോട്ടർമാരുണ്ടായെന്നും രാഹുൽ ആരോപിച്ചു.
3.5 ലക്ഷം വോട്ടർമാരെ തിരഞ്ഞെടുപ്പിനു മുമ്പ് പട്ടികയിൽ നിന്ന് നീക്കി. ഇത് ആരാണെന്ന് ഞങ്ങൾ അന്വേഷിച്ചു. ഭൂരിഭാഗവും കോൺഗ്രസിന്റെ വോട്ടർമാരാണ്. യുപിയിലെ ബിജെപി നേതാക്കൾക്ക് ഹരിയാനയിൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കി. കോൺഗ്രസ് ഹരിയാനയിൽ ജയിക്കില്ലെന്ന് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒന്നിച്ച് പ്രവർത്തിച്ചു. താൻ അവതരിപ്പിച്ച വിവരങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ പുറത്തുവിട്ടതാണെന്നും ഒന്നും പുതുതായി ഉണ്ടാക്കിയതല്ലെന്നും രാഹുൽ പറഞ്ഞു. ഒരേ ഫോട്ടോ ഉപയോഗിച്ച് 223 വോട്ടുകൾ വരെ ചെയ്തതായും രാഹുൽ പറഞ്ഞു.
2024 ഓഗസ്റ്റിൽ നടന്ന ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ ആകെ 90 സീറ്റിൽ 48ലും ജയിച്ചാണ് എൻഡിഎ അധികാരത്തിലേറിയത്. കോൺഗ്രസ് സഖ്യത്തിന് 37 സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്.



