തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്.
ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തില്‍ കല്യാണത്തിന് വന്നവരും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പള്ളം സ്വദേശിയുടേയും ആറ്റൂര്‍ സ്വദേശിനിയുടെയും വിവാഹം ഓഡിറ്റോറിയത്തില്‍ നടക്കവേ കല്യാണത്തിന് വന്ന വാഹനങ്ങള്‍ മൂലം റോഡ് ബ്ലോക്ക് ആയതിനെ തുടര്‍ന്നായിരുന്നു സംഭവം.റോഡിലൂടെ വന്നിരുന്ന ടിപ്പര്‍ ഹോണ്‍ മുഴക്കുകയും ഇതേ തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. വിവാഹത്തിനു വന്ന ആളുകള്‍ ചേര്‍ന്ന് ടിപ്പര്‍ ഡ്രൈവറെ മര്‍ദ്ദിച്ചതോടെ പ്രശ്നം വഷളായി. ഇതോടെ നാട്ടുകാര്‍ സംഘടിക്കുകയും ഡ്രൈവറെ മര്‍ദ്ദിച്ചവരെ തടയുകയുകയുമായിരുന്നു. പിന്നാലെ കല്ലേറും ഉണ്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെറുതുരുത്തി പൊലീസെത്തി ലാത്തിവീശി. പൊലീസുകാര്‍ക്കും പരിക്കുണ്ട്.



