ലോലന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് ചെല്ലൻ അന്തരിച്ചു.

കോട്ടയം: മലയാള കാർട്ടൂൺ ലോകത്ത് അനശ്വരമായ ഒരൊറ്റ കഥാപാത്രമായ ലോലൻ മുഖേന ചിരിയുടെ വിസ്മയം തീർത്ത കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി. ഫിലിപ്പ് – 77) അന്തരിച്ചു. കോട്ടയത്തുവടവാതൂരിലായിരുന്നു അന്ത്യം. 

1948-ൽ പൗലോസിന്റേയും മാർത്തയുടേയും മകനായി ജനിച്ച ചെല്ലൻ, കെ.എസ്.ആർ.ടി.സി.യിൽ പെയിൻററായി ജോലി ചെയ്തിരുന്നു. 2002-ൽ വിരമിച്ചതിനു ശേഷം കോട്ടയം വടവാതൂരിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

മലയാള കാർട്ടൂൺ രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ചെല്ലൻ, തന്റെ കരിയറിലുടനീളം സാമൂഹിക ജീവിതത്തിന്റെ ചെറുകുറ്റങ്ങൾ ചിരിയിലാഴ്ത്തി പ്രതിഫലിപ്പിക്കുന്ന അനവധി കാർട്ടൂണുകൾ സൃഷ്ടിച്ചു. എന്നാൽ അദ്ദേഹത്തെ ജനപ്രിയനാക്കിയതും മലയാളികൾക്ക് മറക്കാനാവാത്തതുമായത് ലോലൻ എന്ന ഒറ്റ കഥാപാത്രമായിരുന്നു.

കാലത്തിന്റെ യുവത്വത്തെ പ്രതിനിധീകരിച്ച ലോലന്റെ ബെൽബോട്ടം പാന്റും വ്യത്യസ്തമായ മുടിയിണക്കവും പ്രത്യേക ഭാവങ്ങൾക്കും ഒപ്പം ഒരു തലമുറയുടെ രസാഘോഷത്തിന്റെയും പരിഹാസത്തിന്റെയും മുഖമായിരുന്നു ലോലൻ. ഒരുകാലത്ത് കേരളത്തിലെ ക്യാമ്പസുകളിൽ ലോലൻ ചിരിയുടെ പ്രതീകമായിരുന്നു; കോളേജ് യുവാക്കൾ പോലും ആ കഥാപാത്രത്തെ അനുകരിച്ചിരുന്നു.

കാർട്ടൂൺ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കേരള കാർട്ടൂൺ അക്കാദമി ചെല്ലന് വിശിഷ്ടാംഗത്വം നൽകി ആദരിച്ചിരുന്നു. ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കഥാപാത്രം ഇപ്പോൾ കൊച്ചി ആസ്ഥാനമായ നെവർ എൻഡിങ് സർക്കിൾ എന്ന അനിമേഷൻ സ്ഥാപനം അനിമേറ്റ് ചെയ്ത് വരികയായിരുന്നു. തന്റെ സൃഷ്ടി ചലിക്കുന്നതു കാണും മുൻപാണ് ചെല്ലന്റെ മടക്കം സംഭവിച്ചത്.

ലോലൻ എന്ന ഒറ്റ കഥാപാത്രത്തെ കൊണ്ട് മാത്രം പ്രശസ്തനായ വ്യക്തി എന്ന നിലയിൽ ചെല്ലൻ മലയാള കാർട്ടൂൺ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു എന്ന് കേരള കാർട്ടൂൺ അക്കാദമി ചെയർപേഴ്സൺ സുധീർ നാഥ് അനുസ്മരിച്ചു.

ചെല്ലന്റെ വേർപാടിൽ കേരള കാർട്ടൂൺ അക്കാദമിയും കാർട്ടൂണിസ്റ്റ് സമൂഹവും ദുഃഖവും ആദരാഞ്ജലികളും അർപ്പിച്ചു.

സംസ്കാര ചടങ്ങുകൾ നവംബർ 3-ന് തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് വടവാതൂരിൽ നടക്കും

ഭാര്യ : മറിയാമ്മ ഫിലിപ്പ്. മകൻ : സുരേഷ്.

Post a Comment

Previous Post Next Post