കോൺഗ്രസ് പ്രവർത്തകൻ സിപിഐഎം ബൂത്ത് ഓഫീസ് അക്രമിച്ചെന്ന് പരാതി. കാട്ടകാമ്പാൽ പഞ്ചായത്ത് പെങ്ങാമുക്ക് ഹൈസ്ക്കൂളിനടുത്തുള്ള ആനപ്പറമ്പ് 17-ാം വാർഡിന്റെ 1-ാം ബൂത്താണ് രായമരയ്ക്കാർ വീട്ടിൽ ഷെബീർ അക്രമിച്ചത്. ബൂത്തിലെ വോട്ടർ പട്ടികയും ഡെമ്മി മെഷീനും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്ഥലത്ത് പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും ഇയാൾ കുറച്ച് സമയത്തിനു ശേഷം വീണ്ടുമെത്തി പ്രശ്നമുണ്ടാക്കിയെന്നും പറയുന്നു. തുടർന്ന് സിപിഐ(എം) പ്രവർത്തകർ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. സ്ഥിരം പ്രശ്നക്കാരനായ പ്രതിയെ കോൺഗ്രസ് പ്രവർത്തകർ സംരക്ഷിക്കുകയാണെന്നും തികച്ചും സമാധാനപരമായി നടക്കുന്ന ഇലക്ഷനിൽ, പരാജയ ഭീതി മൂലം അക്രമം അഴിച്ചു വിടുകയാണെന്നു കാണിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി, ഏരിയ കമ്മിറ്റി അംഗം ടി സി ചെറിയാൻ, ലോക്കൽ സെക്രട്ടറി വി കെ ബാബുരാജ്, ലോക്കൽ കമ്മറ്റി അംഗങ്ങൾ, പാർട്ടി പ്രവർത്തകർ സ്ഥലം സന്ദർശിച്ചു.



