ആറങ്ങോട്ടുകര പഴയ സത്യൻ ടാക്കീസിന് സമീപം ഇന്ന് രാവിലെ എട്ടരയോടെ ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെന്നിമാറിയ ഓട്ടോ സമീപത്തെ വീടിന്റെ മേൽ ഇടിച്ച് നിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ദേശമംഗലം വെസ്റ്റ് പല്ലൂർ കല്ലിങ്ങൽ വീട്ടിൽ വിജയകുമാർ (53), മകൻ വിഷ്ണു (23) എന്നിവർക്കും കാർ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ടെക്നീഷ്യന്മാരായ വിജയകുമാറും മകനും ജോലി ആവശ്യാർത്ഥം ദേശമംഗലത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എതിർദിശയിൽ നിന്നെത്തിയ കാറാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
ഇടിയുടെ ശക്തിയിൽ റോഡ് സൈഡിലെ ശൗര്യം പറമ്പിൽ ഹസ്സൻകുട്ടിയുടെ വീടിന് മുകളിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞുവീഴുകയും വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ തകരുകയും ചെയ്തു. എറണാംകുളം സ്വദേശിയായ കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നതാണ് പ്രാഥമിക നിഗമനം. കാറിൽ ഡ്രൈവറെ കൂടാതെ മറ്റാരും ഉണ്ടായിരുന്നില്ല.
പരിക്കേറ്റവരെ നാട്ടുകാർ ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


