കോഴിക്കോട്:ദേശീയവും അന്തർദേശീയവുമായി ദിവസേന 3.8 ലക്ഷം യാത്രക്കാരെ ആശ്രയിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയിൽ നാല് ദിവസമായി തുടരുന്ന പ്രവർത്തന താളം തെറ്റൽ യാത്രക്കാരെ ഗുരുതര പ്രതിസന്ധിയിലാഴ്ത്തി. പൈലറ്റുമാരുടെ ക്ഷാമവും ഡി.ജിസി.എ ഏർപ്പെടുത്തിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നിബന്ധനകളിലെ അപാകതകളുമാണ് ആയിരക്കണക്കിന് സർവീസുകൾ റദ്ദാക്കപ്പെടാൻ, അനിശ്ചിതമായി വൈകാൻ കാരണമായത്.
രോഗികൾ, മുതിർന്നവർ, സ്ത്രീകൾ, കുട്ടികൾ അടക്കം നിരവധിയായ യാത്രക്കാർ വിമാനത്താവളങ്ങളിൽ ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാതെ വിഷമിക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയിൽ ഏറ്റവും പ്രതികൂല ബാധ നേരിടുന്നത് കേരളമാണ്.
ഈ സാഹചര്യത്തിൽ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ച് പ്രത്യേക പ്രീമിയം എസി തീവണ്ടികൾ – ജനശതാബ്ദി, വന്ദേ ഭാരത്, ഗതിമാൻ – ഉടൻ റെയിൽവേ ആരംഭിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു. പ്രതിസന്ധിയെ മുതലെടുത്ത് മറ്റ് വിമാന കമ്പനികൾ നിരക്കുകൾ അസാധാരണമായി ഉയർത്തുന്ന സാഹചര്യവും കൗൺസിൽ ചൂണ്ടിക്കാട്ടി.
ആസന്നമായ ക്രിസ്മസ്–നവവത്സര അവധിക്കാലത്ത് നാട്ടിലേക്ക് വരാനും മടങ്ങിപ്പോകാനും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികളും നാട്ടുകാർക്കും കടുത്ത ആശങ്കയിലാണ്.
കോവിഡ് കാലത്ത് നടപ്പാക്കിയ മാതൃകപോലെ ചാർട്ടേഡ് വിമാന സർവീസിന് താല്പര്യവും സംവിധാനവുമുള്ള വിമാന കമ്പനികൾക്കും കോർപ്പറേറ്റുകൾക്കും അടിയന്തര അനുമതി നൽകണം എന്നും കൗൺസിൽ പ്രസിഡന്റും കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉപദേശക സമിതി അംഗവുമായി ഷെവലിയർ സി. ഇ. ചാക്കുണ്ണിയും, എം.ഡി.സി. യുഎഇ കൺവീനർ സി.എ. ബ്യൂട്ടി പ്രസാദും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി, വ്യോമയാനമന്ത്രി, റെയിൽവേ മന്ത്രി, കേരള മുഖ്യമന്ത്രി, ഗവർണർ, മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, കേരളത്തിലെ എം.പി.മാർ, ചീഫ് സെക്രട്ടറി, ഡി.ജിസി.എ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർ ഇന്ത്യ ചെയർമാൻ എന്നിവർക്കും അടക്കം ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നിവേദനം അയച്ചു.



