ചാലിശ്ശേരി: അതിജീവനത്തിന്റെ രാമച്ച ഗന്ധമുള്ള കഥയുമായാണ് അട്ടപ്പാടി ജെല്ലിപ്പാറയിൽ നിന്നും അമ്മിണി എന്ന അറുപതുകാരി ദേശീയ സരസ് മേളയിലെത്തിയത്. അട്ടപ്പാടി, ചാവക്കാട് എന്നിവിടങ്ങളിൽ നിന്നായി ഒരു വർഷം ഒരു ലക്ഷം രൂപയ്ക്ക് രാമച്ചത്തിന്റെ വേരുകൾ വാങ്ങി അതുകൊണ്ട് വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തിയാണ് അമ്മിണിയും കുടുംബവും ജീവിതം മുന്നോട്ടു നയിക്കുന്നത്.സരസ് മേളയിൽ രാമച്ചത്തിൻ്റെ സ്ക്രബ്ബറിനാണ് കൂടുതൽ ആവശ്യക്കാർ. 25 രൂപയാണ് വില.
തൻറെ മുപ്പതാം വയസ്സിൽ ഭർത്താവ് തളർന്ന് കിടപ്പിലായി.കുടുംബത്തിൻ്റെ സാമ്പത്തിക അടിത്തറ ആകെ തകർന്നു.ദാരിദ്ര്യത്തിൽ നിന്നും കരകയറാൻ വീടിനു സമീപത്തെ രാമച്ച നെയ്യൽ കേന്ദ്രത്തിലേക്ക് പോയി.അവിടെ നിന്നും രാമച്ച കിടക്കയുണ്ടാക്കാൻ പഠിച്ചു.തുടർന്ന് കുഷ്യൻ, തലയിണ, സ്ക്രബർ തുടങ്ങി കൂടുതൽ രാമച്ച ഉൽപ്പന്നങ്ങളുണ്ടാക്കി സ്വന്തമായി വരുമാനമുണ്ടാക്കാൻ കഴിഞ്ഞു.
ഒരു ദിവസം നൂറോളം സ്ക്രബ്ബറുകളുണ്ടാക്കും. ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ സൈലൻറ് വാലി ഫോറസ്റ്റ് ഓഫീസിലും കൊടുക്കും. കൂടാതെ ജില്ലയിലെ വിവിധ മേളകളിലും പങ്കെടുക്കാറുണ്ട്.ജില്ലയിലെ നിരവധി കടകളിലും അമ്മിണിയുടെ സ്ക്രബർ സജീവമാണ്.അട്ടപ്പാടി ജെല്ലിപ്പാറ ഐശ്വര്യ കുടുംബശ്രീയിലെ നിത്യ യൂണിറ്റ് അംഗമാണ് അമ്മിണി .


