സരസ് മേള :വേദിയിൽ കലയുടെ 'പെൺപെരുമ' നിറഞ്ഞ ആറാം ദിനം.


 പാലക്കാട്: ദേശീയ സരസ് മേളയുടെ ആറാം ദിനത്തിൽ കാണികളെ വിസ്മയിപ്പിച്ച് കുടുംബശ്രീ അംഗങ്ങളുടെ 'പെൺപെരുമ' കലാപരിപാടികൾ. മേളയുടെ ആറാം ദിനം രണ്ടാം വേദിയായ അമ്മു സ്വാമിനാഥനിൽ സി.ഡി.എസ് അംഗങ്ങളുടെ വിവിധ കലാരൂപങ്ങൾ അരങ്ങേറി. തൃത്താല, തിരുമിറ്റക്കോട്, പരുതൂർ, കപ്പൂർ, പട്ടിത്തറ സി.ഡി.എസുകളിൽ നിന്നുള്ള നൂറോളം കലാകാരികളാണ് തങ്ങളുടെ കലാപ്രാവീണ്യം തെളിയിച്ചത്.


തൃത്താല സി.ഡി.എസിലെ വിശ്വരൂപ നൃത്ത കലാക്ഷേത്രയിലെ അഞ്ചംഗ സംഘം അവതരിപ്പിച്ച നൃത്തം, ചടുലത കൊണ്ടും, ഭാവപ്പകർച്ച കൊണ്ടും ശ്രദ്ധേയമായി. ഗ്രാമീണ കലയുടെ തനിമ വിളിച്ചോതുന്നതായിരുന്നു തിരുമിറ്റക്കോട് സി.ഡി.എസ്, കലാകാരികൾ അവതരിപ്പിച്ച മരംകൊട്ട് പാട്ട്.നാടൻ പാട്ടുകളുടെ അകമ്പടിയിൽ മാറ്റുരച്ച പരുതൂർ സി.ഡി.എസിന്റെ കൈകൊട്ടിക്കളിയും, കാണികളുടെ കൈയടി നേടി.

തിരുവാതിരക്കളിയുടെ, ലാസ്യഭംഗി പകർന്നാടിയാണ് കപ്പൂർ, പട്ടിത്തറ സി.ഡി.എസുകളിലെ ശ്രീദുർഗ ടീമും, ശ്രീനൃത്യ ഡാൻസ് ഗ്രൂപ്പും വേദി കീഴടക്കിയത്.കലാമണ്ഡലം ഹൃദ്യ കലാപരിപാടികളുടെ അവസാന നിമിഷം അവതരിപ്പിച്ച "ആരോ വിരൽ നീട്ടി" എന്ന് തുടങ്ങുന്ന ചലച്ചിത്ര ഗാനം കാണികൾക്ക് പ്രതീക്ഷിക്കാതെ കിട്ടിയ സംഗീത വിരുന്നായിരുന്നു.കുടുംബശ്രീ അംഗങ്ങളുടെ സർഗ്ഗാത്മകതയും ഒത്തൊരുമയും വിളിച്ചോതുന്നതായിരുന്നു അരങ്ങിലെ ഓരോ പ്രകടനവും. പരിപാടികൾക്ക് ശേഷം പങ്കെടുത്ത എല്ലാ കലാകാരികളെയും മുൻ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ പ്രദീപും, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ സുരേന്ദ്രനും ചേർന്ന് സ്നേഹോപഹാരം നൽകി ആദരിച്ചു. മേളയുടെ വരും ദിവസങ്ങളിലും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.


ഫോട്ടോ അടിക്കുറിപ്പ് : ദേശീയ സരസ് മേള,വേദി രണ്ടിൽ അരങ്ങേറിയ വിശ്വരൂപ നൃത്തക്ഷേത്രയിലെ കലാകാരികൾ അവതരിപ്പിച്ച നൃത്തത്തിൽ നിന്നും.


Post a Comment

Previous Post Next Post