ചാലിശ്ശേരി: ദേശീയ സരസ് മേളയുടെ വേദിയെ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും സംഗീതക്കടലാക്കി മാറ്റി ഷഹബാസ് അമൻ. ചാലിശ്ശേരി മുല്ലയംപറമ്പ് മൈതാനിയിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കിയാണ് മലയാളത്തിന്റെ പ്രിയ ഗായകൻ തന്റെ ഹിറ്റ് ഗാനങ്ങളുമായി നിറഞ്ഞാടിയത്.
വെറും ഒരു സംഗീത പരിപാടി എന്നതിലുപരി ഗായകനും ആസ്വാദകരും തമ്മിലുള്ള ഹൃദയസംവാദമായി ഷഹബാസിന്റെ സംഗീതനിശ മാറി. വേദിയിൽ അദ്ദേഹം പാടിയ ഓരോ വരികളും സദസ്സ് ഏറ്റുപാടിയതോടെ ചാലിശ്ശേരി അക്ഷരാർത്ഥത്തിൽ പാട്ടുപുരയായി.പാട്ടിനൊപ്പം സദസും ഒഴുകി.
ഗൃഹാതുരത്വം തുളുമ്പുന്ന "ഓത്തുപള്ളിക്ക് അന്ന് നമ്മൾ പോയിരുന്ന കാലം..." എന്ന വരികൾ പാടിയപ്പോൾ പ്രായഭേദമന്യേ എല്ലാവരും പാട്ടിൽ അലിഞ്ഞു ചേർന്നു. കണ്ണീരിന്റെ നനവുള്ള ഓർമ്മകൾ ആ ശബ്ദത്തിലൂടെ ഒഴുകിയെത്തിയപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
പ്രണയത്തിന്റെ തീവ്രത അറിയിച്ച "ഇഷ്ടമല്ലേ... ഇഷ്ടമല്ലേ..." എന്ന മായാനദിയിലെ ഗാനവും, ആഘോഷത്തിന്റെ താളം പിടിച്ച "ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്..." എന്ന പാട്ടും മേളയുടെ ആവേശം ഇരട്ടിയാക്കി.
ബാബുരാജ് സംഗീതത്തിന്റെ ആത്മാവുള്ള "ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ..." എന്ന ക്ലാസിക് ഗാനത്തിന് ഷഹബാസ് നൽകിയ തനതായ ആവിഷ്കാരം സംഗീതപ്രേമികൾക്ക് നവ്യാനുഭവമായി. "മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ പലതുണ്ട് മണ്ണിൻ മനസ്സിൽ..." എന്ന വരികളിലൂടെ ജീവിതത്തിന്റെ തത്വചിന്തകൾ കൂടി അദ്ദേഹം വേദിയിൽ പങ്കുവെച്ചു.
സരസ് മേളയ്ക്ക് ഷഹബാസ് അമന്റെ വരവ് വൻ ജനപങ്കാളിത്തമാണ് ഉറപ്പാക്കിയത്. സംഗീതവും വിപണനവും ഒത്തുചേർന്ന മേളയുടെ പത്താം ദിനം ചാലിശ്ശേരി വലിയൊരു ജനസഞ്ചയത്തിനാണ് സാക്ഷ്യം വഹിച്ചത്.


