കേന്ദ്രത്തിന്‍റെ തൊഴിൽനയങ്ങൾക്കെതിരായ പ്രതിഷേധം; 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു.ആദ്യമണിക്കൂറിൽ ജനജീവിതം സ്ത‌ംഭിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ പത്തോളം ട്രേഡ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികളാണ് പങ്കെടുക്കുന്നത്. ഇന്ന് അർധരാത്രി വരെ തുടരുന്ന പണിമുടക്കിൽ സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കുന്നവർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.
സ്വകാര്യബസ്, ഓട്ടോ ടാക്‌സി സേവനങ്ങൾ, കെഎസ്ആർടിസി എന്നിവ നിർത്തിവെക്കുന്നത് ഗതാഗതത്തെ ബാധിച്ചു. ബാങ്കുകളുടേയും വ്യാപാര സഥാപനങ്ങളുടേയും പ്രവർത്തനം തടസപ്പെടും. ആശുപത്രി, മെഡിക്കൽ സ്റ്റോർ, പാൽ-പത്രം, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് സേവനങ്ങൾ തുടങ്ങി അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കൺവൻഷനുകളെയും തീർത്ഥാടകരെയും ഒഴിവാക്കി.



അതേസമയം പതിവുപോലെ ഇന്നും സർവീസ് നടത്തുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. സാധാരണ പോലെ രാവിലെ 6.30 മുതൽ രാത്രി 10 മണി വരെ സർവീസ് നടത്തും. കൊച്ചി വാട്ടർ മെട്രോയും സർവ്വീസ് നടത്തും. എന്നാൽ മെട്രോ ഫീഡർ ബസ്സുകൾ ആലുവയിൽ നിന്ന് എയർപോർട്ടിലേക്കും കളമശ്ശേരി മെഡിക്കൽ കോളേജിലേക്കുമുള്ള രണ്ട് റൂട്ടുകളിൽ മാത്രമേ സർവ്വീസ് നടത്തൂ. മറ്റ് ഫീഡർ ബസ് സർവ്വീസുകൾ ഉണ്ടാകില്ലെന്നാണ് കൊച്ചി മെട്രോ അറിയിച്ചത്.പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. തൊഴിലാളി വിരുദ്ധ ലേബർകോഡ് കേന്ദ്രസർക്കാരിന്റെ സംഭാവനയാണെങ്കിൽ അതിന് അനുസരിച്ച് ചട്ടങ്ങൾ ഉണ്ടാക്കിയത് കേരളത്തിലെ ഇടതുസർക്കാർ ആണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ പറഞ്ഞു

Post a Comment

Previous Post Next Post