കുന്നംകുളം: തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ കുന്നംകുളം ഭാഗത്തെ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ 'കുഴിചിത്രം' മത്സരം സംഘടിപ്പിച്ച കുന്നംകുളം വാട്സാപ്പ് കൂട്ടായ്മ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റോഡ് നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് വിജയികളെ പ്രഖ്യാപിക്കുമെന്ന വാഗ്ദാനമാണ് റോഡ് ഉദ്ഘാടനത്തിന് പിന്നാലെ കൂട്ടായ്മ നടപ്പിലാക്കിയത്.
ഏകദേശം ആയിരത്തോളം അംഗങ്ങളുള്ള ഈ കൂട്ടായ്മ, റോഡ് നിർമ്മാണം ഇഴഞ്ഞുനീങ്ങിയപ്പോൾ വേറിട്ട പ്രതിഷേധമെന്ന നിലയിലാണ് കുഴികളുടെ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്തതോടെയാണ് അവാർഡ് വിതരണത്തിന് വേദിയൊരുങ്ങിയത്.മത്സരത്തിൽ പോർക്കുളം സ്വദേശി ഗായത്രി വേണുഗോപാൽ ഒന്നാം സ്ഥാനം നേടി. പഴഞ്ഞി സ്വദേശി ജീമോൻ ജെയിംസ് രണ്ടാം സ്ഥാനവും ചിറ്റഞ്ഞൂർ സ്വദേശി നന്ദ കിഷോർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഞായറാഴ്ച കുന്നംകുളം ലിവ ടവർ ഹോട്ടൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിജയികൾക്കുള്ള ക്യാഷ് അവാർഡും പുരസ്കാരങ്ങളും വിതരണം ചെയ്തു. അഡ്മിൻ പാനൽ പ്രതിനിധികളായ ലിജോ ചീരൻ ജോസ്, ഷാജോ ജോസ് ചെറുവത്തൂർ, ബിനിഷ് എം.ബി എന്നിവരും ഉപഹാരങ്ങൾ സ്പോൺസർ ചെയ്ത ഒക്റ്റൽ ഫിനാണൻസിനെ പ്രതിനിധീകരിച്ച് അഡ്വ. റോഷിറ്റ് എം. തോമസ്, ചാർളി കെ.സി, റെജി വർഗീസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.



