ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു; മൂന്നു പേർ അറസ്റ്റിൽ

 

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ അതിക്രമം കാണിച്ച് ദേവസ്വം സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. തൊഴിയൂർ സ്വദേശിയായ വടക്കുമ്പാട്ട് വീട്ടിൽ അദ്വൈത്(18), രണ്ടാം പ്രതി നെന്മിനി സ്വദേശി നീർത്താട്ടിൽ വീട്ടിൽ അരുൺകൃഷ്ണ(20), മൂന്നാം പ്രതി എളവള്ളി പാറ സ്വദേശി ഏങ്ങടി വീട്ടിൽ ശ്രീകുമാർ(31) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കഴക്കൂട്ടം പാങ്ങപ്പാറ സ്വദേശിയായ മധുസൂദനൻ നായർ(60) എന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് സംഘം മർദ്ദിച്ച് അവശനാക്കിയത്. ഇന്നലെ രാവിലെ 11.30 മണിയോടെയാണ് സംഭവം. കാഷ്വാലിറ്റിക്ക് മുൻവശത്ത് ജോലി ചെയ്തുവരികയായിരുന്ന മധുസൂദനൻ നായരെ ഒ.പി ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ള പ്രകോപനത്തിലാണ് പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ പ്രതികളിൽ മൂന്നാം പ്രതി ശ്രീകുമാർ ഫാസിൽ കൊലപാതകക്കേസടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രണ്ടാം പ്രതിയുടെ പേരിലും 2 ക്രിമിനൽ കേസുകളുണ്ട്. സംഭവസ്ഥലത്തും, പ്രതികൾ രക്ഷപ്പെട്ട് പോയ ദേവസ്വം മൾട്ടി ലെവൽ പാർക്കിംഗിലും സി.സി.ടി.വികൾ സ്ഥാപിക്കാതിരുന്നതിനാൽ പോലീസിന് പ്രതികളിലേക്കെത്താൻ നന്നേ പ്രയാസപ്പെടേണ്ടിവന്നു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ ഇൻസ്പെക്ടറോടൊപ്പം സീനിയർ സി.പി.ഒമാരായ എൻ രഞ്ജിത്ത്, വി.എൽ സന്തീഷ് കുമാർ, വി.ആർ ശ്രീനാഥ്, കെ.എസ് സുവീഷ് കുമാർ, സി.പി.ഒമാരായ പ്രിയൻ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post