2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂരിൽ അപകടത്തിൽപ്പെട്ട് 21 പേരുടെ മരണത്തിന് കാരണമായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആക്രിയാക്കി പൊളിച്ചു വിൽക്കാൻ തീരുമാനിച്ചു. പട്ടാമ്പിയിലെ കാരക്കാട് പാറപ്പുറത്തെ ആക്രിവിപണിയിലാണ് വിമാന ഭാഗം ഇപ്പോഴുള്ളത്. ഇരുമ്പ്, ചെമ്പ്, പ്ലാസ്റ്റിക് എന്നിവയുടെ ആക്രിയായി മാറാനാണ് വിമാനം കാരക്കാട് എത്തിച്ചത്.
ഓൺലൈൻ ടെൻഡർ വഴിയാണ് വ്യാപാരി വിമാനം പൊളിക്കാനായി ലേലത്തിൽ പിടിച്ചത്. എയർ ഇന്ത്യയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കണ്ടെയ്നറുകളിലാക്കിയാണ് വിമാനഭാഗങ്ങൾ കാരക്കാട് എത്തിച്ചത്. വിമാനത്തിൻ്റെ അലുമിനിയം, ചെമ്പ്, പിച്ചള, പ്ലാസ്റ്റിക് ഭാഗങ്ങൾ ആക്രിസാധനങ്ങളായി വിൽക്കാനായി പൊളിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളിൽ, വിമാനം പൂർണ്ണമായും പൊളിച്ച് സ്ക്രാപ്പായി മാറ്റും.യാർഡിൽ എത്തിച്ച സ്ക്രാപ്പ് മെറ്റീരിയലിന് 45 ടണ്ണിൽ കൂടുതൽ ഭാരമുണ്ട്. തീപിടിച്ച വിമാനത്തിന്റെ സ്ക്രാപ്പിൽ ലോഹ ഭാഗങ്ങൾ മാത്രമാണുള്ളത്. വിമാനത്തിൽ നിന്ന് ചില സുപ്രധാന ഭാഗങ്ങൾ നീക്കം ചെയ്ത ശേഷമാണ് കാരക്കാട് എത്തിച്ചത്. കേരളത്തിൽ ഒരു വിമാനം സ്ക്രാപ്പ് ചെയ്യുന്നത് ഇതാദ്യമാണ്. എന്നാൽ രാജ്യത്തെ നടുക്കിയ ഒരു അപകടത്തിൽ വിമാനമാണിത് എന്നതിനാലാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തതെന്നാണ് വ്യാപാരിയുടെ പ്രതികരണം.



