ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തർക്ക് കൂടുതൽ സുഗമവും വേഗത്തിലുമുള്ള ദർശനം ഉറപ്പാക്കാൻ വിപുലമായ ഡിജിറ്റൽ പരിഷ്കാരങ്ങളുമായി ദേവസ്വം ബോർഡ്. ഹൈക്കോടതി നിർദ്ദേശം കൂടി പരിഗണിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ ദർശന സംവിധാനം (വെർച്വൽ ക്യൂ) ഉടൻ ആരംഭിക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്ഷേത്രത്തിൽ നടപ്പിലാക്കാനിരിക്കുന്ന 'ഫെയ്‌സ് ആപ്പ്' സംവിധാനത്തിന്റെ മുന്നോടിയായാണ് വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നത്. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ഏജൻസികളുമായി ചർച്ചകൾ പൂർത്തിയായി വരുന്നു.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങൾ:
മൊബൈലുകളും ബാഗുകളും സൂക്ഷിക്കാൻ ഡിജിറ്റൽ ലോക്കറുകൾ
ക്ലോക്ക് റൂമുകളിൽ സാധനങ്ങൾ സൂക്ഷിക്കാനും തിരികെ വാങ്ങാനും ഭക്തർക്ക് ഏറെ സമയം കാത്തുനിൽക്കേണ്ടി വരുന്നത് ഒഴിവാക്കാൻ വിവിധ അളവുകളിലുള്ള 'മൂവബിൾ ഡിജിറ്റൽ ലോക്കറുകൾ' (Movable Digital Lockers) ക്ഷേത്ര പരിസരത്ത് സ്ഥാപിക്കും. ഇതിനുള്ള ഏജൻസിയെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇ-ഓഫീസും ബയോമെട്രിക് പഞ്ചിംഗും
ദേവസ്വം ഓഫീസിലെ ഫയൽ നീക്കങ്ങൾ വേഗത്തിലാക്കാൻ സർക്കാർ ഏജൻസിയായ കെൽട്രോണിന്റെ സഹായത്തോടെ ഓഫീസ് പൂർണ്ണമായും ഇ-ഓഫീസാക്കി മാറ്റും. ക്ഷേത്ര സുരക്ഷയും ജീവനക്കാരുടെ കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഫീസിലെയും ക്ഷേത്രത്തിലെയും മുഴുവൻ ജീവനക്കാർക്കും ബയോമെട്രിക് പഞ്ചിംഗ് ഏർപ്പെടുത്തും.
അക്കൗണ്ടുകൾ പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ചു
സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ ചരിത്രത്തിലാദ്യമായി ഗുരുവായൂർ ദേവസ്വത്തിന്റെ അക്കൗണ്ട്സ് വിഭാഗം പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ചു. വഴിപാട് ഇടപാടുകൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഇനി ഒറ്റ ക്ലിക്കിൽ ലഭ്യമാകും. വഴിപാട് കൗണ്ടറുകളുടെ പ്രവർത്തനം ഭക്തരുടെ സൗകര്യത്തിനായി പുലർച്ചെ 3 മണി മുതൽ രാത്രി നട അടയ്ക്കുന്നത് വരെയാക്കി ദീർഘിപ്പിച്ചിട്ടുമുണ്ട്.
സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ
ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ക്ഷേത്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ്. ഈ രംഗത്തെ മികച്ച ഏജൻസികളെ ഇതിനായി ചുമതലപ്പെടുത്തുന്നതിനുള്ള ടെണ്ടർ നടപടികൾ അവസാന ഘട്ടത്തിലാണ്.
മുഖ്യമന്ത്രിയുടെ ദർശനം ചട്ടങ്ങൾ പാലിച്ചായിരുന്നു
കഴിഞ്ഞ മെയ് 24-ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ നടത്തിയ ക്ഷേത്ര ദർശനം പൂർണ്ണമായും ചട്ടങ്ങൾ പാലിച്ചായിരുന്നുവെന്ന് ചെയർമാൻ വ്യക്തമാക്കി. പൊതു അവധി ദിവസമായിരുന്നതിനാൽ ശ്രീകോവിൽ നെയ്‌വിളക്ക് വഴിപാട് ശീട്ടാക്കിയാണ് അദ്ദേഹം ദർശനം നടത്തിയത്. എല്ലാ മാസവും പതിവായി ക്ഷേത്രത്തിലെത്തുന്ന അദ്ദേഹത്തിന് ഇവിടുത്തെ ആചാരങ്ങൾ വ്യക്തമായി അറിയാമെന്നും, ദർശനവുമായി ബന്ധപ്പെട്ട് നിക്ഷിപ്ത താല്പര്യക്കാരുടെ വിമർശനങ്ങൾക്ക് മറുപടി നൽകാനില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥിനൊപ്പം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ. സി. മനോജ്, ശ്രീമതി. എം.യു. ഷിനിജ എന്നിവരും പങ്കെടുത്തു.



