സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു


 തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം രോഗം ബാധിച്ചവരുടെ എണ്ണം 120 ആയി ഉയര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.ഇന്ന് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ മൂന്നുപേര്‍ കോഴിക്കോട് ജില്ലയിലാണ്. തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവും പാലക്കാട് ഒരാള്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഷിഗെല്ല ബാധിച്ച് അഞ്ചു മരണവും സ്ഥീരികരിച്ചിട്ടുണ്ട്.


ഈ വര്‍ഷം ഇതുവരെ 196 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് രോഗബാധ കൂടിതലായി റിപ്പോര്‍ട്ട് ചെയ്തത്. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്.


കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.


അതേസമയം നിപ നിരീക്ഷണത്തില്‍ കഴിഞ്ഞ എല്ലാവരും ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിപ ബാധിച്ച ഫരോക്ക് സ്വദേശിയായ രോഗി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

Post a Comment

Previous Post Next Post