കാരുണ്യ സ്പർശനം നടത്തുന്ന പാലിയേറ്റീവ് കമ്യൂണിറ്റി നഴ്‌സുമാരെ സംരക്ഷിക്കണം;സ്ഥിരം നിയമനം പ്രതീക്ഷയിൽ കേരളത്തിലെ 1200 നേഴ്‌സുമാർ


 ചാലിശ്ശേരി :കേരളത്തിലെ പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന കമ്യൂണിറ്റി നഴ്‌സുമാർക്ക് സ്ഥിരനിയമനം നൽകുമെന്ന പ്രതീക്ഷ ശക്തമാകുന്നു.

പുതിയ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച വയോജന വകുപ്പ് ഇതിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ഏകദേശം 1200 ഓളം കമ്യൂണിറ്റി നഴ്‌സുമാർ.



2008-ൽ വി.എസ്. അച്ചുതാനന്ദൻ നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാരാണ് പാലിയേറ്റീവ് പരിചരണ പദ്ധതി ആരംഭിച്ചത്. തുടക്കം മുതൽ പദ്ധതിയുടെ ഭാഗമായുള്ള കമ്യൂണിറ്റി നഴ്‌സുമാർ മാസത്തിൽ 16 മുതൽ 20 ദിവസം വരെ ഗൃഹ പരിചരണം ഉൾപ്പെടെ സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് സേവനം അനുഷ്ഠിച്ചുവരുന്നത്. 


ഒന്നര വർഷത്തെ നഴ്‌സിംഗ് പരിചയവും എസ്.എസ്.എൽ.സി വിജയവുമായിരുന്നു നിയമനത്തിനുള്ള ആദ്യഘട്ടത്തിൽ യോഗ്യത ആയിരുന്നത്.

നിലവിൽ 25,750 രൂപയാണ് പ്രതിമാസ വേതനമായി ലഭിക്കുന്നത്. എന്നാൽ പി.എഫ്., ഇ.എസ്.ഐ. തുടങ്ങിയ അടിസ്ഥാന ആനുകൂല്യങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥിരനിയമനം നടപ്പാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല.

ഓരോ വർഷവും മുദ്രപ്പേപ്പറിൽ കരാർ പുതുക്കിയാണ് ഇവർ സേവനം തുടരുന്നത്. വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കമ്യൂണിറ്റി നഴ്‌സുമാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ വയോജന വകുപ്പ് രൂപീകരിക്കപ്പെടുന്നത്.

കേരളത്തിന്റെ പാലിയേറ്റീവ് പരിചരണ മാതൃക രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ നേടിയ ഒന്നാണ്. ഈ പദ്ധതിയുടെ വിജയത്തിൽ കമ്യൂണിറ്റി നഴ്‌സുമാരുടെ സേവനം നിർണായക ഘടകമാണ്. കിടപ്പുരോഗികൾ, വയോജനങ്ങൾ, ഗുരുതര രോഗബാധിതർ എന്നിവരുടെ വീടുകളിലെത്തി ചികിത്സാ സഹായം, മരുന്ന് വിതരണം, ആരോഗ്യപരിപാലന നിർദേശങ്ങൾ, കുടുംബാംഗങ്ങൾക്ക് ആവശ്യമായ പരിശീലനം എന്നിവ നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണിവർ.

കോവിഡ് മഹാമാരിക്കാലത്തടക്കം സ്വന്തം ആരോഗ്യസുരക്ഷയെ പോലും അവഗണിച്ച് രോഗികൾക്കിടയിൽ സേവനം നടത്തിയ വിഭാഗമാണ് കമ്യൂണിറ്റി നഴ്‌സുമാർ. വർഷങ്ങളായി ഒരേ ജോലിയും ഉത്തരവാദിത്തവും നിർവഹിക്കുന്നുണ്ടെങ്കിലും താൽക്കാലിക ജീവനക്കാരെന്ന നിലയിൽ തുടരേണ്ടി വരുന്നത് ഇവരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

വയോജന ജനസംഖ്യ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത് പാലിയേറ്റീവ് സേവനങ്ങളുടെ പ്രാധാന്യവും ആവശ്യകതയും കൂടുതൽ ഉയരുകയാണ്. വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിനും വീടുകളിൽ ചെന്ന് പരിചരണം നൽകുന്നതിനും നിർണായക പങ്കുവഹിക്കുന്ന പാലിയേറ്റീവ് കമ്യൂണിറ്റി നഴ്‌സുമാരെ പുതിയ വകുപ്പിന്റെ ഭാഗമായി സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ആയിരത്തി ഇരുന്നൂറോളം ജീവനക്കാർ.

സ്ഥിരനിയമനം നടപ്പിലാകുന്നതിലൂടെ തൊഴിൽസുരക്ഷയ്ക്കൊപ്പം പി.എഫ്., ഇ.എസ്.ഐ., പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാകുമെന്നും, തങ്ങളുടെ വർഷങ്ങളായുള്ള സേവനത്തിന് അർഹമായ അംഗീകാരം ലഭിക്കുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.

Post a Comment

Previous Post Next Post