എരുമപ്പെട്ടിയിൽ അതിഥി തൊഴിലാളികളെ തട്ടികൊണ്ട് പോയി ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന സംഘം അറസ്റ്റിൽ.


 അതിഥി തൊഴിലാളികളെ

തട്ടികൊണ്ട് പോയി ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും കവർന്ന ക്രിമിനൽ സംഘത്തെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. ജോലി തേടിയെത്തിയ ബീഹാർ സ്വദേശികളാണ് ആക്രമണത്തിന് ഇരകളായത്.


എരുമപ്പെട്ടി ആദൂർ സ്വദേശികളായ അമ്പലത്ത് വീട്ടിൽ 35 വയസുള്ള അബ്ബാസ്, നീണ്ടൂർ കാരേങ്ങിൽ വീട്ടിൽ 52 വയസ്സുള്ള അബൂബക്കർ, മണ്ണാർക്കാട് പിലായിതൊടിയിൽ വീട്ടിൽ 27 വയസ്സുള്ള മുഹമ്മദ് ഫാനാൻ എന്നിവരാണ് അറസ്റ്റിലായത്.


ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. തൊഴിൽ അന്വേഷിച്ച് എത്തിയ ബീഹാർ സ്വദേശികളായ മൂന്ന് യുവാക്കളെ പ്രതികളായ മൂവർ സംഘം തങ്ങൾ പോലീസ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടു പോകുകയും വിജനമായ സ്ഥലത്തെത്തിച്ച് മർദ്ധിച്ച് പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്ത് കടന്ന് കളയുകയുമായിരുന്നു.


അതിഥി തൊഴിലാളികൾ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിനെ തുടർന്ന് ഇൻസ്പെക്ടർ എസ്.അനീഷ്കുമാറിന്റെ നേതൃത്വത്തിൽ നടത്തി അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഒന്നാം പ്രതിയായ അബ്ബാസിനെ എരുമപ്പെട്ടിയിൽ നിന്നും രണ്ടാം പ്രതിയായ മുഹമ്മദ് ഫാനാനെ പട്ടാമ്പിയിൽ നിന്നും മൂന്നാം പ്രതിയായ അബൂബക്കറിനെ കൃത്യത്തിന് ഉപയോഗിച്ച കാർ സഹിതം നീണ്ടുരിൽ നിന്നും പോലീസ് പിടികൂടിയത്.


കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ അനീഷ്‌കുമാർ, സബ് ഇൻസ്പെക്ടർ അരുൺ.സി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.ഇവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

Post a Comment

Previous Post Next Post