നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസുകാരൻ നേരിട്ട ക്രൂരതയെ കുറിച്ച് വിവരിക്കുന്ന അമ്മൂമ്മയുടെ ഫോൺ സംഭാഷണം പുറത്ത്. കുട്ടി നേരിട്ട പീഡനം മെയ് മൂന്നിന് അഖിലയുടെ അമ്മ ചൈൽഡ് പ്രൊട്ടക്ഷനിൽ അറിയിച്ചിരുന്നു. എന്നാൽ, യാതൊരുവിധ തുടർനടപടിയും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്വീകരിച്ചിരുന്നില്ല. മെയ് 26-നാണ് കുഞ്ഞ് കൊല്ലപ്പെട്ടത്.
അഖിലയുടെ അമ്മ റീനയാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ സമീപിച്ചത്. കുഞ്ഞിന്‍റെ രണ്ട് കൈയ്യും തല്ലിയൊടിച്ച അവസ്ഥയാണെന്നും താൻ നിസ്സഹായയാണെന്നും അറിയിച്ചായിരുന്നു ഫോൺ കോൾ. മകൾ തനിക്കയച്ച ഫോട്ടോയിൽ കുഞ്ഞിന്‍റെ രണ്ട് കൈകളും തല്ലിയൊടിച്ച നിലയിലാണെന്നും സ്റ്റെപ്പിൽ നിന്ന് വീണപ്പോൾ പറ്റിയതാണെന്നാണ് തന്നോട് പറഞ്ഞതെന്നും അമ്മൂമ്മ ഹെൽപ് ലൈനെ വിളിച്ചറിയിച്ചിരുന്നു. മെയ് മൂന്നിനാണ് റീന ഹെൽപ്പ് ലൈനിലേക്ക് വിളിക്കുന്നത്. എന്നാൽ, സഗൌരവം വിളിച്ചറിയിച്ച കാര്യങ്ങൾ മൂളിക്കേൾക്കുകയല്ലാതെ മറ്റ് തുടർനടപടികളൊന്നും ചൈൽഡ് ഹെൽപ് ലൈൻ സ്വീകരിച്ചിരുന്നില്ല. പിന്നാലെ, മെയ് 26-ന് കുഞ്ഞ് കൊല്ലപ്പെടുകയും ചെയ്തു.
കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് രണ്ടാനച്ഛന്‍റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. ഇയാൾ, സ്ഥിരമായി കുട്ടിയെ മർദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ നോക്കാറില്ലെന്നും ബന്ധുക്കൾ പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിൽ ഒന്നാം പ്രതിയായ അഷ്കറിന്മേൽ എസ് സി/ എസ്ടി വകുപ്പുകളും ചുമത്തിയിരുന്നു.
കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്നതായും ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിന്‍റെ മരണകാരണം. തങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ ഒന്നര വയസുകാരൻ തടസമായിരുന്നതിനാലാണ് ക്രൂരമായി മർദിച്ചതെന്ന് അമ്മയുടെ പങ്കാളിയായ അഷ്കർ പൊലീസിന് മൊഴി നൽകുകയും ചെയ്തിരുന്നു. കുട്ടി പടിയിൽ നിന്ന് വീണതെന്നാണെന്നായിരുന്നു ആദ്യം പൊലീസിനോട് ഇവർ പറഞ്ഞിരുന്നതെങ്കിലും ദുരൂഹതയുണ്ടെന്ന സംശയത്തിന്മേൽ പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.



