തിരൂർ: തീരദേശ മേഖലയിലെ യുവാക്കളുടെ ഉന്നമനത്തിനായി തിരൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിരുന്ന ഇൻസൈറ്റ് പദ്ധതിയിലൂടെ ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിയായ ബിലാലുബ്നു ഉമ്മറിനെ ആദരിച്ചു.
പറവണ്ണ അമാസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പറവണ്ണ ബീച്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ തിരൂർ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സിദീഖ്, എ.പി. ജയാൽ എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു.
തീരദേശ മേഖലയിലെ യുവാക്കൾക്ക് ബിലാലുബ്നു ഉമ്മർ മാതൃകയാണെന്നും, ഇൻസൈറ്റ് പദ്ധതിയിലൂടെ പരിശീലനം നേടിയ വിദ്യാർഥിക്ക് ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുപ്പ് ലഭിച്ചതിൽ തിരൂർ ജനമൈത്രി പോലീസിന് വലിയ അഭിമാനവും സന്തോഷവുമുണ്ടെന്നും എസ്.ഐ. നസീർ തിരൂർക്കാട് പറഞ്ഞു.
പറവണ്ണ സ്വദേശിയും ടി.എം.ജി. കോളേജ് വിദ്യാർഥിയുമായ ബിലാലുബ്നു ഉമ്മർ ഇൻസൈറ്റ് പദ്ധതിയിലെ പരിശീലികനായിരുന്നു.
വെട്ടം ഗ്രാമപഞ്ചായത്ത് അംഗം തെങ്ങിൽ ഉമ്മറിന്റെയും നൂർജഹാന്റെയും മൂത്ത മകനായ 21-കാരൻ ബിലാലുബ്നു ഉമ്മറിനാണ് ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുപ്പ് ലഭിച്ചത്.
ചടങ്ങിൽ വാർഡ് അംഗം ടി. ഉമ്മർ, എം.കെ. ഷുക്കൂർ, നാസർ മാസ്റ്റർ, എ.പി. അൻവർ, സി.പി. താജുദീൻ എന്നിവർ സംസാരിച്ചു



