എടപ്പാൾ: വിദ്യാർത്ഥികൾ അവരവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നേറാൻ കഴിയുന്നതിലൂടെ ലോകത്തിൻറെ പ്രധാന താക്കോൽ സ്ഥാനങ്ങൾ വഹിക്കുന്ന പ്രതിഭാശാലികളായി മാറാൻ കഴിയുമെന്ന് അഡ്വ. വി എസ് ജോയ് എംഎൽഎ പ്രസ്താവിച്ചു.
മലയാളികളായ ഒട്ടേറെ യുവാക്കൾ ഇന്ന് വിവിധ രാഷ്ട്രങ്ങളിൽ പ്രധാന പദവികൾ അലങ്കരിക്കുന്നു എന്നത് കേരളത്തിന് അഭിമാനമാണ്.. ഭാവിയുടെ അഭിമാനങ്ങളായി മാറാൻ ഇന്നത്തെ തലമുറക്ക് കഴിയട്ടെ എന്നും അദ്ദേഹം പ്രത്യാശിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണി പോരാളികൾ ആകാൻ ഇന്നത്തെ വിദ്യാർത്ഥികൾക്ക് കഴിയണം. ലഹരി മുക്ത സമൂഹത്തിനായി നമുക്ക് കൈകോർക്കാം എന്നും അദ്ദേഹം പറഞ്ഞു.
ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടി എച്ച് എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കാൻ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ പി കെ സഹന അധ്യക്ഷത വഹിച്ചു. ഓപ്പറേഷൻ തൂഫാൻ ഭാഗമായ ലഹരി വിരുദ്ധ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എ നജീബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫർഹാന ഷബീറലി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ എം വി മുബഷിറ ,പിടിഎ പ്രസിഡണ്ട് ടി വി അജിത്ത്, സ്റ്റാഫ് സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട്, അക്കാഡമിക് കൗൺസിൽ കൺവീനർ എൻ വി പ്രവിത മോഹനൻ, എം കെ മൊയ്തുണ്ണി, കെ സജീവ് എന്നിവർ പ്രസംഗിച്ചു. സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ലഹരി വിരുദ്ധ സന്ദേശ താളവിസ്മയം ഉണ്ടായി.


