പാലക്കാട്: കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച പാലക്കാട് കൊപ്പം കീഴ്മുറി സ്വദേശിയായ അർജുന്റെ (25) മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. സാൽമിയയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്ന അർജുൻ ജൂൺ 9-ന് താമസസ്ഥലത്തിന്റെ പത്താം നിലയിൽ നിന്ന് അബദ്ധത്തിൽ വീണ് മരണപ്പെടുകയായിരുന്നു.
കീഴ്മുറി സ്വദേശികളായ അങ്കണവാടി അധ്യാപിക സജിതകുമാരിയുടെയും ടി. രവീന്ദ്രകുമാറിന്റെയും മകനാണ്. സഹോദരിമാർ: സുരഭി, സുവർണ.
കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് കുവൈത്തിലെ സബാഹ് മോർച്ചറിയിൽ പൊതുദർശനത്തിന് ശേഷം രാത്രിയിലെ കുവൈത്ത് എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
തുടർന്ന് കീഴ്മുറിയിലെ കുടുംബവീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാര ചടങ്ങുകൾ നടക്കും.



