നാലടിച്ച് പരാഗ്വെയെ വീഴ്ത്തി, ലോകകപ്പില്‍ ജയിച്ചു തുടങ്ങി യുഎസ്എ


 ലൊസാഞ്ചലസ്: ലോകകപ്പില്‍ പരാഗ്വെയെ വീഴ്ത്തി ആതിഥേയരായ യുഎസ്എയ്ക്ക് ഗംഭീര തുടക്കം. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ജയം. ആദ്യപകുതിയിലാണ് അമേരിക്കയുടെ മൂന്ന് ഗോളുകള്‍ പിറന്നത്. തുടര്‍ച്ചയായ യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കാനാവാതെ പാരഗ്വായ് ഒടുവില്‍ തോല്‍വി സമ്മതിച്ചു.


പരാഗ്വെ താരം ഡാമിയന്‍ ബൊബാദില്ലയുടെ സെല്‍ഫ് ഗോളിലൂടെയും ഫൊലറാന്‍ ബാലഗന്റെ ഇരട്ടഗോളിലൂടെയും മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ പകരക്കാരന്‍ ജിയോവാനി റെയ്‌നയിലൂടെയുമായിരുന്നു അമേരിക്കാന്‍ മുന്നേറ്റം. രണ്ടാം പകുതിയില്‍, പകരക്കാരനായി ഇറങ്ങിയ മൗറീഷ്യോയിലൂടെ പരാഗ്വെ ആശ്വാസ ഗോള്‍ നേടി.മത്സരം ആരംഭിച്ച് ആദ്യമിനിറ്റുകളില്‍ തന്നെ യുഎസ്എയും പരാഗ്വെയും ആക്രമണ പ്രത്യാക്രമണങ്ങള്‍ കൊണ്ട് കളം നിറഞ്ഞു. ഏഴാം മിനിറ്റില്‍ ആതിഥേയരുടെ ഗോളുമെത്തി. പരാഗ്വെയ് താരം ഡാമിയന്‍ ബൊബാഡില്ല സെല്‍ഫ് ഗോളാണ് യുഎസിനെ മുന്നിലെത്തിച്ചത്. ബോക്സിനുള്ളില്‍ വെച്ചുള്ള യുഎസ്എയുടെ വെസ്റ്റണ്‍ മക്കെന്നിയുടെ ക്രോസ്സ് പ്രതിരോധിക്കുന്നതില്‍ പരാഗ്വെ മധ്യനിരതാരത്തിന് പിഴച്ചു. പന്ത് ഡാമിയന്റെ കാലില്‍ തട്ടി നേരെ വലയിലേക്ക്. അതോടെ യുഎസ്എ അക്കൗണ്ട് തുറന്നു.


ഇതിനിടെ യുഎസ്എയുടെ രണ്ടാം ഗോളുമെത്തി. 31-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. സ്‌ട്രൈക്കര്‍ ഫ്ളോറിയന്‍ ബലോഗണാണ് വലകുലുക്കിയത്. ഇടതുവിങ്ങിലൂടെയുള്ള ക്രിസ്റ്റിയന്‍ പുലിസിചിന്റെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പുലിസിചിന്റെ പാസ് സ്വീകരിച്ച ബലോഗണ്‍ ഉഗ്രന്‍ ഷോട്ടിലൂടെ ഗോളടിച്ചു. അതോടെ പരാഗ്വെ പ്രതിരോധത്തിലായി. ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് ഇഞ്ചുറി ടൈമില്‍ ബലോഗണ്‍ വീണ്ടും വലകുലുക്കിയതോടെ ആതിഥേയര്‍ മൂന്ന് ഗോളിന് മുന്നിലായി. രണ്ടാം പകുതിയിലും അമേരിക്ക ആക്രമിച്ച് കളിച്ചതോടെ


പരാഗ്വെയ്ക്ക് കൂടുതല്‍ ഒന്നും ചെയ്യാനായില്ല. കിട്ടിയ അവസരങ്ങളില്‍ പരാഗ്വെ മുന്നേറ്റനിരയും ആക്രമണം കടുപ്പിച്ചു. മിഗ്വേല്‍ അല്‍മിരോണ്‍ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. എന്നാല്‍ 73-ാം മിനിറ്റില്‍ പരാഗ്വെ തിരിച്ചടിച്ചു. ബോക്‌സിന് പുറത്തുവെച്ച് പരാഗ്വെ താരങ്ങള്‍ നടത്തിയ മികച്ച നീക്കം ലക്ഷ്യം കണ്ടു. യുഎസ്എ പ്രതിരോധത്തിന് അത് തടയാനായില്ല. പകരക്കാരനായി ഇറങ്ങി മൗറീഷ്യോ ആണ് വലകുലുക്കിയത്. കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ജിയോവാനി റെയ്‌നയിലൂടെ യുഎസ്എ നാലാം ഗോളും നേടി. അതോടെ പരാഗ്വെ പതനം പൂര്‍ണമായി.

Post a Comment

Previous Post Next Post