ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാം താത്ക്കാലികമായി നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. പരീക്ഷാ ക്രമക്കേടുകളില്‍ ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അനുയോജ്യവും ഇടുങ്ങിയതുമാണെന്ന് കോടതി പറഞ്ഞു.
ടെലഗ്രാമിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത ടെലഗ്രാമിന്റെ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് തേജസ് കരിയ വിധി പ്രസ്താവിച്ചത്. 'സര്‍ക്കാരിന്റെ നടപടികള്‍ പരിമിത നിയന്ത്രണങ്ങളാണ്. ഉത്തരവ് അനുയോജ്യമല്ലെന്ന് കരുതാനാവില്ലെന്നും കോടതി പറഞ്ഞു. നീറ്റ് യുജി ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന തട്ടിപ്പ് ശൃംഖലകള്‍ ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആപ്പിന് താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മേയ് 3ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു.തുടര്‍ന്നാണ് പുനഃപരീക്ഷ നിശ്ചയിച്ചത്. പരീക്ഷാ സുതാര്യത ഉറപ്പാക്കാന്‍ ഐടി ആക്ട് സെക്ഷന്‍ 69എ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ടെലഗ്രാമിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ഗൂഗിളും ആപ്പിളും തങ്ങളുടെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടെലഗ്രാം നീക്കം ചെയ്തിരുന്നു.
ജൂണ്‍ 22 വരെയാണ് ടെലഗ്രാം ഉപയോഗിക്കുന്നതിനുള്ള വിലക്ക്. ഗ്രൂപ്പുകളിലെ പഴയ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിനുള്ള വിലക്ക് ജൂണ്‍ 30 വരെ തുടരും. പഴയ മെസ്സേജുകള്‍ എഡിറ്റ് ചെയ്ത് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതാണെന്ന രീതിയില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് തടയാനാണിത്



