തൃശൂര്‍ പൂങ്കുന്നത്തെ വീട്ടുവളപ്പില്‍ നിന്നും ഇന്നും മലമ്പാമ്പുകളെ പിടികൂടി


 തൃശൂര്‍: തൃശൂര്‍ പൂങ്കുന്നത്തെ വീട്ടുവളപ്പില്‍ നിന്നും ഇന്നും മലമ്പാമ്പുകളെ പിടികൂടി. രണ്ടു മലമ്പാമ്പുകളെയാണ് ഇന്നലെ രാത്രി പിടികൂടിയത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 20 മലമ്പാമ്പുകളെയാണ് പിടികൂടിയത്. തൃശൂര്‍ പൂങ്കുന്നം സീതാറാംമില്‍ ലെയിനിലുള്ള കാര്‍ത്തികിന്റെ വീട്ടിലാണ് ഇത്രയേറെ പാമ്പുകളെ കണ്ടെത്തിയത്. ഇതോടെ പാമ്പുപേടിയില്‍ ഭയപ്പാടോടെയാണ് ഈ വീട്ടുകാര്‍ കഴിയുന്നത്.ഇനിയും പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാമെന്ന ഭയം മൂലം വീടിന്റെ മതിലും മരത്തറയും മണ്‍തിട്ടുമെല്ലാം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തി പരിശോധന നടത്തുകയാണ്. തറയോടും പൊളിച്ച് പരിശോധന നടത്തി. വീടിന്റെ സമീപത്തുകൂടി ഒരു തോട് ഒഴുകുന്നുണ്ട്. ആ തോട്ടില്‍ നിന്നും എത്തിയതാകാം മലമ്പാമ്പുകളെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.


പെരിങ്ങാവ് ഭാഗത്തുനിന്ന് പുഴയ്ക്കൽ ഭാഗത്തേക്കു പോകുന്ന തോടിനു സമീപമാണ് കാർത്തിക്കിന്റെ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞദിവസം പിടികൂടുന്നതിനിടെ ഇവയിൽ രണ്ടെണ്ണം സമീപത്തെ തോട്ടിലേക്ക്‌ ചാടിപ്പോയി. വീടിനു മുൻവശത്തെ ഗ്രില്ലിനടുത്ത് നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളിൽനിന്നും പാമ്പുകളെ ലഭിച്ചിരുന്നു.വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോകാനായി കാർത്തിക്കിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന അയൽവാസിയുടെ വാഹനത്തിൽനിന്ന് നാലു പാമ്പുകളെയും പിടികൂടിയിരുന്നു. രണ്ടെണ്ണം സീറ്റിനടിയിലും രണ്ടെണ്ണം എൻജിനിലും നിന്നാണ് കണ്ടെത്തിയത്. കാർത്തിക്കിന്റെ ഭാര്യ ഹരിതയുടെ വാഹനത്തിന്റെ പെട്രോൾടാങ്കിലും പാമ്പുണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ 50 സെന്റിമീറ്ററോളം നീളമുള്ള എട്ട് പെരുമ്പാമ്പിൻകുഞ്ഞുങ്ങളെയാണ് ചൊവ്വാഴ്ച പിടികൂടിയത്.

Post a Comment

Previous Post Next Post