മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ഏകദേശം 40 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമായ സ്വർണച്ചെയിനും കൈചെയിനും പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചയാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂർ വില്ലേജ് മുത്തമ്മാവ് ദേശത്ത് ചീക്കോടൻ വീട്ടിൽ രാവുണ്ണിയുടെ മകൻ ഷോബി (56) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ചാവക്കാട് ഫർക്ക റൂറൽ ബാങ്കിന്റെ മുത്തമ്മാവ് ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ച് വായ്പ തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് കേസ്. ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ചാവക്കാട് പോലീസ് ഇൻസ്പെക്ടർ രാജീവ് എൻ.എസ്.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ചാവക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ പ്രീത ബാബു, ആഷിഫ്, ഫൈസൽ, സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, വിബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അറസ്റ്റിലായ പ്രതിയെ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം കോടതി റിമാൻഡ് ചെയ്യുകയും ചാവക്കാട് സബ് ജയിലിലേക്ക് അയക്കുകയും ചെയ്തു.



