എടപ്പാൾ : സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം പുറത്തിറക്കിയ കേരളീയ വാദ്യകലാ ചരിത്രഗ്രന്ഥമായ കേരളീയ വാദ്യപാരമ്പര്യം തക്കിട്ട ഗ്രന്ഥം ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു.
ബെംഗളൂരു ആസ്ഥാനമായുള്ള കലാകൂട്ടായ്മയായ രുദ്രാക്ഷം കലാ-സാംസ്‌കാരിക കേന്ദ്രവുമായി ശനിയാഴ്ചയാണ് കരാർ ഒപ്പുവെച്ചത്.
പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ആശാനും പ്രശസ്ത തിമില വാദകനും അധ്യാപകനുമായ കരിയന്നൂർ നാരായണൻ നമ്പൂതിരി ആശാനും സന്നിഹിതരായ ചടങ്ങിൽ രുദ്രാക്ഷം പ്രസിഡന്റ് രാമകൃഷ്ണൻ ആർ.യും സോപാനം ഡയറക്ടർ സന്തോഷ് ആലംകോടും കരാറിൽ ഒപ്പുവെച്ചു.
സോപാനം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രമുഖ സംസ്‌കൃത പണ്ഡിതനും അധ്യാപകനുമായ ഡോ. സി. എം. നീലകണ്ഠൻ, സോപാനം പ്രവർത്തക സമിതി അംഗം അഡ്വ. രാജഗോപാൽ തുടങ്ങിയവരും പങ്കെടുത്തു.
രുദ്രാക്ഷം കൂട്ടായ്മയിലെ പതിനഞ്ചോളം പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മൂന്ന് വാല്യങ്ങളുള്ള ഈ ബൃഹത്തായ ഗ്രന്ഥം മൂന്ന് വർഷത്തിനകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി അച്ചടി, ഡിജിറ്റൽ പതിപ്പുകളായി പ്രസിദ്ധീകരിക്കാനാണ് രുദ്രാക്ഷം ഒരുങ്ങുന്നത്.
കേരളീയ വാദ്യകലയിലെ പതിനായിരത്തിലധികം കലാകാരന്മാരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ' തക്കിട്ട ഗ്രന്ഥത്തിനായി സമാഹരിച്ച വിവരശേഖരത്തിന്റെയും പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെയും പകർപ്പവകാശം പൂർണമായും സോപാനത്തിൽ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള കരാറാണ് ഒപ്പുവെച്ചത്.
കരാർ ഒപ്പിടൽ ചടങ്ങിന് മുന്നോടിയായി ശനിയാഴ്ച രാവിലെ സോപാനം ആസ്ഥാനത്തിനടുത്തുള്ള കോട്ടയിൽ ശ്രീനീലകണ്ഠ ക്ഷേത്രത്തിൽ സോപാനം ടീം അവതരിപ്പിച്ച പഞ്ചവാദ്യവും രുദ്രാക്ഷം പ്രതിനിധികൾ വീക്ഷിച്ചു.
കേരളീയ വാദ്യപാരമ്പര്യത്തെ ആഗോള വായനാസമൂഹത്തിന് മുന്നിലെത്തിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഈ സംരംഭം വിലയിരുത്തപ്പെടുന്നത്.



