എടപ്പാൾ: സ്വന്തം മകന്റെ വിവാഹദിനം മറ്റുള്ളവരുടെ ജീവിതത്തിലും സന്തോഷത്തിന്റെ പുതുവെളിച്ചമാകണമെന്ന ആഗ്രഹം പ്രവൃത്തിയിലൂടെ തെളിയിച്ച് മാതൃകയായി സി.പി. ബാവഹാജി. സാമ്പത്തിക പ്രയാസങ്ങൾ മൂലം വിവാഹം സ്വപ്നമായി മാത്രം ശേഷിച്ചിരുന്ന 16 യുവതികൾക്കാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സമൂഹവിവാഹത്തിലൂടെ പുതിയ ജീവിതത്തിലേക്ക് കടക്കാനായത്.
മലബാർ ഡെന്റൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.പി. ബാവഹാജിയുടെ മകൻ തൗഫീറലിയുടെ വിവാഹത്തോടനുബന്ധിച്ചായിരുന്നു ജീവകാരുണ്യ പ്രവർത്തനം നടത്തിയത്
തൗഫീറലി ഖത്തറിലെ ഏക്കൺ ഗ്രൂപ്പ് ചെയർമാൻ ഷുക്കൂർ കിനാലൂരിന്റെ മകൾ സൽവയെ ജീവിതസഖിയാക്കിയ അതേ വേദിയിലാണ 16 നിർധന യുവതികളുടെ വിവാഹവും നടത്തിയത്
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും ,
തമിഴ്നാട്ടിൽ നിന്നുമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെ കെ.എം.സി.സി.യുടെ സഹകരണത്തോടെ കണ്ടെത്തി.
വിവാഹത്തിന് ആവശ്യമായ സ്വർണാഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി എല്ലാ ഒരുക്കങ്ങളും സി.പി. ബാവഹാജി ഏറ്റെടുത്തു. തമിഴ്നാട്ടിൽ നിന്നെത്തിയ വധൂവരന്മാർക്ക് അവരുടെ ആചാരപ്രകാരമാണ് വിവാഹച്ചടങ്ങുകൾ നടത്തിയത്.
മലബാർ കോളജ് അങ്കണത്തിൽ നടന്ന ചടങ്ങുകൾക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഗുരുവായൂർ മുൻ മേൽശാന്തി അച്യുതൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു.
അഞ്ച് പതിറ്റാണ്ടിലേറെയായി സി.പി. ബാവഹാജിയുടെ നേതൃത്വത്തിൽ തുടരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സമൂഹവിവാഹവും സംഘടിപ്പിച്ചത്.
മുൻപ് മറ്റ് മക്കളുടെ വിവാഹവേളകളിലും സമാനമായ സഹായ പദ്ധതികൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിരുന്നു.
വിവാഹച്ചടങ്ങിനോടനുബന്ധിച്ച് വിപുലമായ സദ്യയും ഒരുക്കി.
പാണക്കാട് സെയ്യദ് സാദിഖലി ശിഹാബ് തങ്ങൾ, ബഷീറലി തങ്ങൾ, മുനവ്വറലി തങ്ങൾ, ഹമീദലി തങ്ങൾ, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ എം.എൽ.എ.മാരായ വി.എ സ്. ജോയ്, ടി.വി. ഇബ്രാഹിം, ആബിദ് ഹുസ്സൈൻ തങ്ങൾ, നജീബ് കാന്തപുരം, ഫൈസൽ ബാബു, പി.കെ. നവാസ്, ആര്യാടൻ ഷൗക്കത്ത്, മറ്റു നേതാക്കളായ പി.എം.എ. സലാം, കെ.പി.എ. മജീദ്, ഹമീദലി മാസ്റ്റർ, കെ.ഇ. ഇസ്മായീൽ, എൻ. സൂപ്പി, എൻ. രാധാകൃഷ്ണൻ, ഗുരുവായൂർ മുൻ മേൽശാന്തി അച്യുതൻ നമ്പൂതിരി, ടി.പി. ചെറൂപ്പ, സുലൈമാൻ മേൽപ്പ ത്തൂർ, പി.എം.എ. സമീർ, കുറുക്കോളി മൊയ്തീൻ തുടങ്ങി സാമൂഹിക രാഷ്ട്രീയപ്രമുഖർ ആശംസകൾ നേർന്നു.


