കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്ത്: 6 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ പ്രധാന പ്രതി തൊടുപുഴയിൽ അറസ്റ്റിൽ


 കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്ത്: 6 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ പ്രധാന പ്രതി തൊടുപുഴയിൽ അറസ്റ്റിൽ


കൊറിയർ, പാർസൽ സർവീസുകളുടെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന സംഘത്തിന് കഞ്ചാവ് അയച്ചുകൊടുത്ത പ്രധാന പ്രതിയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തൊടുപുഴ ഒളമറ്റം സ്വദേശി ചെറ്റാരിക്കൽ വീട്ടിൽ അലൻ മാത്യു (25) ആണ് പിടിയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 6 കിലോ 50 ഗ്രാം കഞ്ചാവുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി.

2026 ജനുവരി 24-ന് വൈകീട്ട് 05.30-ഓടെ കൊമ്പിടിഞ്ഞാമാക്കൽ വെച്ച് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 6 കിലോ 50 ഗ്രാം കഞ്ചാവുമായി ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗ്ഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടിൽ ഷൈൻ ഷിജു (25) എന്നിവരെ ആളൂർ പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ നടത്തിയ തുടർന്നുള്ള ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നത്.

പിടിക്കപ്പെടാതിരിക്കാൻ വെർച്വൽ നമ്പറുകൾ ഉപയോഗിച്ച് ബന്ധപ്പെട്ടാണ് അലൻ മാത്യു കൊറിയർ വഴി 6 കിലോ 50 ഗ്രാം കഞ്ചാവ് എത്തിച്ചുനൽകിയതെന്ന് പോലീസ് കണ്ടെത്തി. മാസങ്ങളായി അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ നാട്ടിലെത്തിയ വിവരമറിഞ്ഞ് തൊടുപുഴ പോലീസിന്റെ സഹായത്തോടെയാണ് ആളൂർ പോലീസ് പ്രതിയെ പിടികൂടിയത്.

അലൻ മാത്യു മുട്ടം, കളമശ്ശേരി, കുളമാവ്, രാജക്കാട്, അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു അടിപിടിക്കേസിലും, മയക്കുമരുന്ന് ഉപയോഗിച്ച കേസിലും, ലഹരി ഉപയോഗിച്ച് മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച രണ്ട് കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക പ്രവർത്തി ചെയ്ത ഒരു കേസിലും അടക്കം 5 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ആളൂർ പോലീസ് സ്റ്റേഷൻ ജി.എ.എസ്.ഐ മിനിമോൾ, സി.പി.ഒമാരായ ലിജോ ആന്റണി, അരുൺ, ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post