ലണ്ടൻ ലാമ്പത്ത് പാലസിൽ ചരിത്രസ്മരണകൾക്ക് പുതുവെളിച്ചം;ആർച്ച് ബിഷപ്പ് സാറാ മുള്ളലിയെ സന്ദർശിച്ച് ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക


 ലണ്ടൻ: മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കതോലിക്ക ബസേലിയോസ് ജോസഫ് ബാവ  ലണ്ടനിലെ ലാമ്പത്ത് പാലസിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാദ്ധ്യക്ഷയായ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറി മോസ്റ്റ് റെവറന്റ് സാറാ മുള്ളലിയെ സന്ദർശിച്ചു.


ലാമ്പത്ത് പാലസിൽ നടന്ന സൗഹൃദസന്ദർശനം മലങ്കര സുറിയാനി സഭയും ചർച്ച് ഓഫ് ഇംഗ്ലണ്ടും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആത്മീയ-ചരിത്രബന്ധം വീണ്ടും അനുസ്മരിക്കുന്നതായി. കൂടിക്കാഴ്ചയിൽ ആധുനിക ലോകത്തിൽ സഭയും സമൂഹവും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, ക്രിസ്തുവിന്റെ സ്നേഹത്തിലും സാക്ഷ്യത്തിലും സഭകൾ പരസ്പര ഐക്യത്തോടെയും സഹകരണത്തോടെയും മുന്നേറേണ്ടതിന്റെ അനിവാര്യത, എക്യുമെനിക്കൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ആശയവിനിമയം നടന്നു.


1876-ലെ മുളന്തുരുത്തി സുന്നഹദോസിന് മുമ്പ് പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവ ഇംഗ്ലണ്ട് സന്ദർശിച്ച് അന്നത്തെ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറിയെയും വിക്ടോറിയ രാജ്ഞിയെയും കണ്ട ചരിത്രവും ഈ വേളയിൽ അനുസ്മരിച്ചു. സത്യവിശ്വാസ സംരക്ഷണത്തിനും വിദ്യാഭ്യാസ-അച്ചടി മേഖലകളുടെ വളർച്ചയ്ക്കുമായി പരിശുദ്ധ പാത്രിയർക്കീസ് ബാവ നടത്തിയ ദീർഘവീക്ഷണമാർന്ന പ്രവർത്തനങ്ങളും ചർച്ചയിൽ പരാമർശിക്കപ്പെട്ടു.


പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ എണ്ണഛായാചിത്രം ഇന്നും ലാമ്പത്ത് പാലസിലെ സ്വീകരണമുറിയിൽ സൂക്ഷിച്ചിരിക്കുന്നതും മലങ്കര സുറിയാനി സഭയും ചർച്ച് ഓഫ് ഇംഗ്ലണ്ടും തമ്മിലുള്ള അപൂർവമായ ചരിത്രബന്ധത്തിന്റെ സാക്ഷ്യമാണെന്ന് ബസേലിയോസ് ജോസഫ് കാതോലിക്ക പറഞ്ഞു. ചിത്രത്തിന് മുന്നിൽ പ്രാർഥനയർപ്പിക്കാൻ കഴിഞ്ഞത് ഹൃദയസ്പർശിയായ അനുഭവമായിരുന്നുവെന്നും ശ്രേഷ്ഠബാവ വ്യക്തമാക്കി.


മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷിക വേളയിൽ ലാമ്പത്ത് പാലസിൽ വീണ്ടും എത്തിച്ചേരാൻ കഴിഞ്ഞത് നൂറ്റിയമ്പത് വർഷം മുമ്പ് ആരംഭിച്ച ആത്മീയവും ചരിത്രപരവുമായ ബന്ധത്തിന്റെ തുടർച്ചയാണെന്നും, സഭയെ സത്യവിശ്വാസത്തിലും സ്നേഹത്തിലും ഐക്യത്തിലും നയിക്കണമെന്ന പ്രാർഥനയോടെയാണ് സന്ദർശനം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.


കൂടിക്കാഴ്ചയിൽ ബിഷപ്പ് ഓഫ് സതക് റൈറ്റ് റെവ. ക്രിസ്റ്റഫർ ചെസ്സൻ, എക്യുമെനിക്കൽ റിലേഷൻസ് അഡ്വൈസർ റെവ. ഡോ. മത്തിയാസ് ഗ്രീബ്, ലാമ്പത്ത് പാലസിലെ മറ്റ് അധികൃതർ,  അങ്കമാലി മേഖലാ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോർ അന്തിമോസ്, ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ഗീവർഗീസ് തണ്ടായത്ത്, സെക്രട്ടറി ബേസിൽ ജോൺ, കോർഡിനേറ്റർ മാത്യൂസ് ജേക്കബ് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post