ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ കാറുകൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്‌തു. കാസർകോട് പള്ളിക്കര ബിലാൽ നഗറിൽ അറഫ വില്ലയിൽ 32 വയസുള്ള മുഹമ്മദ് തൻസീറിനെയാണ് എസ്.എച്ച്.ഒ. വിപിൻ കെ വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.താമരയൂർ നന്ദനം ഹെറിറ്റേജിൽ ഒല്ലൂക്കാരൻ ഫെലിക്‌സ് ആൻ്റണിയുടെ പരാതിയിലാണ് അറസ്റ്റ്. 2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുറഞ്ഞ വിലയിൽ മൂന്ന് ഇന്നോവ കാറുകൾ വാങ്ങി നല്കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപയാണ് തൻസീർ ഫെലിക്സ് ആന്റണിയിൽ നിന്ന് കൈക്കലാക്കിയത്. തുടർന്ന് ഒരു കാർ മാത്രം നൽകി മുങ്ങുകയായിരുന്നു. ഇയാൾക്കെതിരെ സമാന രീതിയിൽ നിരവധി പരാതികൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ കാസർഗോഡ് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ സി.കെ. ഷാജു, എം.ബി.
പ്രേമൻ, സിവിൽ പോലീസ് ഓഫീസർമാരായ ജോസ് പോൾ, ജോമോൻ, ലാൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്താൽ ഉണ്ടായിരുന്നു


