തൃശ്ശൂർ അന്തിക്കാട് ഭിന്നശേഷിക്കാരായ ലോട്ടറി വിൽപ്പനക്കാരെ കബളിപ്പിച്ച് ടിക്കറ്റുകൾ കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ.


 അന്തിക്കാട്: ലോട്ടറി വാങ്ങാനെന്ന വ്യാജേന എത്തി വിൽപ്പനക്കാരെ കബളിപ്പിച്ച് ടിക്കറ്റുകൾ കവർച്ച ചെയ്ത കേസിൽ തൃശൂർ സ്വദേശി പിടിയിൽ. ചൊവ്വല്ലൂർ പുളിച്ചാരം വീട്ടിൽ കബീറിനെയാണ് (57) അന്തിക്കാട് പോലീസ് ഗുരുവായൂരിൽ വെച്ച് പിടികൂടിയത്.


ജൂൺ 21-ന് രാവിലെ യാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്തിക്കാട് സ്വദേശികളായ ഭിന്നശേഷിക്കാരായ ലോട്ടറി വിൽപ്പനക്കാരായ നടരാജൻ, പ്രിയ എന്നിവരിൽ നിന്നാണ് ഇയാൾ ടിക്കറ്റുകൾ കവർച്ച ചെയ്തത്. ഗ്രേ കളർ സ്കൂട്ടറിൽ എത്തിയ പ്രതി, ടിക്കറ്റ് വാങ്ങാനെന്ന വ്യാജേന ഇവരുടെ പക്കൽ നിന്ന് ലോട്ടറികൾ വാങ്ങിയ ശേഷം പണം നൽകാതെ കടന്നുകളയുകയായിരുന്നു.


നടരാജന്റെ പരാതിയിൽ അന്തിക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖാചിത്രം തയ്യാറാക്കുകയും ശാസ്ത്രീയമായ അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് പ്രതി ഗുരുവായൂരിലുണ്ടെന്ന് കണ്ടെത്തി പോലീസ് സംഘം പിടികൂടുകയായിരുന്നു.


അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിഷ്ണു, എ.എസ്.ഐ. കൃഷ്ണകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ പ്രതീഷ്, ഗോപകുമാർ, കൃപാഷ്, കൃഷ്ണദാസ്, ഡ്രൈവർ സാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇത്തരത്തിൽ ലോട്ടറി വിൽപ്പനക്കാരെ കബളിപ്പിച്ച് ടിക്കറ്റുകൾ കവർച്ച ചെയ്യുന്നത് ഇയാളുടെ സ്ഥിരം രീതിയാണ്.

Post a Comment

Previous Post Next Post