ഓമനിച്ച് വളർത്തിയ മുടികൾ കാൻസർ രോഗികൾക്ക് നൽകി ഞാങ്ങാട്ടിരി യു.പി. സ്കൂൾ വിദ്യാർത്ഥിനികൾ മാതൃകയായി


 ചാലിശ്ശേരി: അർബുദ രോഗികളുടെ ജീവിതത്തിൽ ആത്മവിശ്വാസത്തിന്റെ പുഞ്ചിരി പകരാൻ ഞാങ്ങാട്ടിരി യു.പി. സ്കൂളിലെ വിദ്യാർത്ഥിനികൾ വീണ്ടും കേശദാനവുമായി മുന്നോട്ട് വന്നു. വിദ്യാലയത്തിലെ നാല് വിദ്യാർത്ഥിനികളും ഒരു പൂർവവിദ്യാർത്ഥിനിയും തങ്ങൾ ഓമനിച്ച് വളർത്തിയ മുടി കാൻസർ രോഗികൾക്കായി ദാനം ചെയ്ത് മാതൃകയായി.

ഏഴാം ക്ലാസ് വിദ്യാർത്ഥിനികളായ സൻഹ ഫാത്തിമ, ഫാരിജ, ഫാത്തിമ ഷിഹ, അദ്‌വിക എന്നിവരാണ് കേശദാനത്തിന് സന്നദ്ധരായത്. ഇവർക്കൊപ്പം പൂർവവിദ്യാർത്ഥിനിയായ ഹിബ നസ്‌റിനും തന്റെ മുടി ദാനം ചെയ്തു.

അർബുദ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട് മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥിനികൾ കേശദാനത്തിന് തയ്യാറായത്. തൃശൂർ മെഡിക്കൽ കോളേജിനെ കേന്ദ്രമാക്കി കാൻസർ രോഗികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന പുനർജ്ജനി സംഘടനയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

വിദ്യാലയത്തിൽ കേശദാനം തുടർച്ചയായി നടന്നു വരുന്ന സാമൂഹിക പ്രതിബദ്ധതയുടെ പ്രവർത്തനമാണ്. രണ്ട് വർഷം മുമ്പ് നാല് വിദ്യാർത്ഥികളും കഴിഞ്ഞ വർഷം ആറ് വിദ്യാർത്ഥികളും ഒരു അധ്യാപികയും കേശദാനം നടത്തിയിരുന്നു. ആ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രചോദനമാണ് ഇത്തവണയും പുതിയ വിദ്യാർത്ഥിനികളെ ഈ നന്മയുടെ വഴിയിലേക്ക് നയിച്ചത്.

പ്രധാനാധ്യാപകൻ എം. താഹിർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് എം.ടി.എ. അബ്ദുൽ നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 


ടി.എം. രമ, ശ്രീദേവി, ജാസിറ, അർച്ചന, സംഗീത, ശ്രീലത എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post