തൃത്താല: നവീകരിച്ച തൃത്താല എംഎൽഎ ഓഫീസ് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമകാര്യ വകുപ്പ് മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്തു. വി. ടി. ബൽറാം എംഎൽഎ അധ്യക്ഷത വഹിച്ചു.
ജനകീയ പ്രശ്നങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയമെന്നും അതിനനുസൃതമായ വികസന-ക്ഷേമ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെ. എ. തുളസി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾക്കും പരാതികൾക്കും വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തൃത്താല എംഎൽഎ ഓഫീസ് ഫലപ്രദമായ വേദിയാകട്ടെയെന്നും മന്ത്രി ആശംസിച്ചു.
2021 വരെ വി. ടി. ബൽറാമിന്റെ എംഎൽഎ ഓഫീസായി പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം കഴിഞ്ഞ അഞ്ച് വർഷക്കാലം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊതുകാര്യങ്ങൾക്കായുള്ള ഓഫീസായി പ്രവർത്തിച്ചിരുന്നു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതോടെയാണ് ഇത് വീണ്ടും എംഎൽഎ ഓഫീസായി പ്രവർത്തനം ആരംഭിച്ചത്.
ചടങ്ങിൽ കെപിസിസി നിർവാഹക സമിതിയംഗം സി. വി. ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. കുഞ്ഞുണ്ണി, പി. ഇ. എ. സലാം, എസ്. എം. കെ. തങ്ങൾ, ടി. കെ. സുനിൽകുമാർ, പി. ഇന്ദിരാദേവി, സി. സംഗീത, പി. വി. മുഹമ്മദ് അലി, പി. ബാലകൃഷ്ണൻ, കെ. വിനോദ്, ഒ. കെ. ഫാറൂഖ്, പി. എം. മുസ്തഫ തങ്ങൾ, റംല വീരാൻകുട്ടി, കെ. ശശിരേഖ, നസീമ നാസർ, സക്കീന അക്ബർ എന്നിവർ പ്രസംഗിച്ചു.


