എൽഡിഎഫ് സർക്കാരിന്റെ കാലത്തെ പിഎസ്‌സി നിയമനങ്ങളിൽ വൻ ക്രമക്കേട്; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ഒജെ ജനീഷ്


 തൃശ്ശൂർ: എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലയളവിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ നിയമനങ്ങളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഇതിൽ നിലവിലെ യുഡിഎഫ് സർക്കാർ സമഗ്രമായ അന്വേഷണം നടത്തുമെന്നും യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ്. സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള പിഎസ്‌സി നിയമന പരീക്ഷയിൽ പങ്കെടുത്ത ഒരു ഉദ്യോഗാർത്ഥിയുടെ ഉത്തരക്കടലാസിലെ 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ ഗുരുതരമായ അട്ടിമറിക്ക് പിന്നാലെ പിഎസ്‌സി ആദ്യം സ്വന്തം വിജിലൻസിനെക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് മാറ്റി പരീക്ഷാ കൺട്രോളറെ അന്വേഷണം ഏൽപ്പിച്ചു. ഈ തീരുമാനത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മന്ത്രി ഒ.ജെ ജനീഷ് ശക്തമായി ചോദ്യം ചെയ്തു. പരീക്ഷാ കൺട്രോളറുടെ ഓഫീസിലുള്ളവർ തന്നെയാണ് ഈ ക്രമക്കേടുകൾക്ക് പിന്നിലെങ്കിൽ അവരെത്തന്നെ അന്വേഷണം ഏൽപ്പിക്കുന്നത് കള്ളന് താക്കോൽ ഏൽപ്പിച്ചുകൊടുക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പരിഹസിച്ചു. പിഎസ്‌സി ആരെയോ സംരക്ഷിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post