മൂന്നു ദിവസം മഴ കനക്കും; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്


 തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഒരിടത്ത് ഓറഞ്ച് അലര്‍ട്ടും പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.


നാളെ 4 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗം മുതല്‍ വടക്കന്‍ ലക്ഷദ്വീപ് പ്രദേശം വരെ വടക്കന്‍ തമിഴ്നാട്, തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക, വടക്കന്‍ കേരളം വഴി സമുദ്രനിരപ്പില്‍ നിന്ന് 7.6 കിലോമീറ്റര്‍ ഉയരത്തില്‍ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും അതിനോട് ചേര്‍ന്നുള്ള ജാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ക്രമേണ ദുര്‍ബലമാകാന്‍ സാധ്യത.


കേരളത്തില്‍ 2026 ജൂലൈ 17 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ജൂലൈ 17-ന് തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായതോ ആയ മഴയ്ക്കും ജൂലൈ 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Post a Comment

Previous Post Next Post