വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിച്ചതിനെ തുടർന്ന് പീച്ചി ഡാമിലെ ജലനിരപ്പ് ക്രമമായി ഉയർന്നതിനെ തുടർന്ന് ഡാം നാളെ തുറക്കും.. ന്യൂനമർദ്ദം, ചക്രവാതച്ചുഴി, തുലാവർഷം എന്നിവയിലൂടെ ഇനിയും മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പീച്ചി ഡാമിലെ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി.
ഓഗസ്റ്റ് 31ന് (തിങ്കളാഴ്ച) രാവിലെ 11ന് നാല് സ്പിൽവേ ഷട്ടറുകളും 2 ഇഞ്ച് (5 സെന്റീമീറ്റർ) വീതം തുറക്കും. ഇതോടൊപ്പം കെ.എസ്.ഇ.ബി. ചെറുകിട വൈദ്യുതി ഉൽപ്പാദന നിലയം വഴിയും മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കും.
തുടർന്ന് ഉച്ചയ്ക്ക് 2ന് നാല് സ്പിൽവേ ഷട്ടറുകളും 2 ഇഞ്ച് (5 സെന്റീമീറ്റർ) കൂടി ഉയർത്തി ആകെ 4 ഇഞ്ച് (10 സെന്റീമീറ്റർ) ഉയർത്തും.വെള്ളം പുറത്തേക്കൊഴുക്കുമ്പോൾ മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലുള്ളതിൽ നിന്ന് 30 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.


