തൃശൂർ: സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ പ്രധാന വിഭാഗമായ മികച്ച പുലിക്കളി സംഘമായി അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒളരിക്കര ദേശം പുലിക്കളി സംഘം രണ്ടാം സ്ഥാനവും, വിയ്യൂർ യുവജനസംഘം പുലിക്കളി സമിതി മൂന്നാം സ്ഥാനവും നേടി. മികച്ച പുലിക്കളി സംഘത്തിന് പുറമെ പുലിക്കൊട്ട്, പുലിവര, പുലിവേഷം, അച്ചടക്കം എന്നീ പ്രധാന വിഭാഗങ്ങളിലെല്ലാം ഒന്നാം സ്ഥാനം സ്വന്തമാക്കി അയ്യന്തോൾ ദേശം തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ടാബ്ലോ വിഭാഗത്തിൽ കാനാട്ടുകര ദേശം ഒന്നാം സ്ഥാനം നേടി. സീതാറാം മിൽ ദേശം രണ്ടാം സ്ഥാനവും, ഒളരിക്കര ദേശം മൂന്നാം സ്ഥാനവും സ്വന്തമാക്കി.പുരാണ വിഭാഗം ടാബ്ലോ മത്സരത്തിൽ സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതിക്കാണ് ഒന്നാം സ്ഥാനം. കുട്ടൻകുളങ്ങര പുലിക്കളി സംഘം രണ്ടാം സ്ഥാനവും ചക്കാമുക്ക് ദേശം മൂന്നാം സ്ഥാനവും നേടി.മറ്റ് വിഭാഗങ്ങളിലെ വിജയികൾ
പുലിക്കൊട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം അയ്യന്തോൾ ദേശം നേടിയപ്പോൾ, സീതാറാം മിൽ ദേശം രണ്ടാമതും ശങ്കരംകുളങ്ങര ദേശം മൂന്നാമതുമെത്തി.
ശരീരത്തിലെ ചായക്കൂട്ടുകളുടെ ഭംഗി അളക്കുന്ന പുലിവര മത്സരത്തിൽ അയ്യന്തോൾ ദേശം ഒന്നാം സ്ഥാനവും, ഒളരിക്കര ദേശം രണ്ടാം സ്ഥാനവും, സീതാറാം മിൽ ദേശം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏറ്റവും അച്ചടക്കമുള്ള സംഘത്തിനുള്ള പ്രത്യേക പുരസ്കാരവും അയ്യന്തോൾ ദേശത്തിനാണ്.
പുലിവണ്ടി വിഭാഗത്തിൽ കുട്ടൻകുളങ്ങര പുലിക്കളി സംഘം ഒന്നാമതെത്തി. ചക്കാമുക്ക് ദേശം രണ്ടാം സ്ഥാനവും സീതാറാം മിൽ ദേശം മൂന്നാം സ്ഥാനവും നേടി.
പുലിവേഷത്തിൽ അയ്യന്തോൾ ദേശം ഒന്നാമതും, വിയ്യൂർ യുവജനസംഘം രണ്ടാമതും, സീതാറാം മിൽ മൂന്നാമതുമെത്തി.
മികച്ച ചമയത്തിനുള്ള മത്സരത്തിൽ വിയ്യൂർ യുവജനസംഘം പുലിക്കളി സമിതി ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ, ഒളരിക്കര ദേശം രണ്ടാം സ്ഥാനവും ചക്കാമുക്ക് ദേശം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


