മഴക്കെടുതി ആഗസ്റ്റിൽ സ്‌കൂളുകളിൽ ഇനി ആറ് പഠനദിനങ്ങൾ മാത്രം( ബുധനാഴ്ച അവധി പ്രഖ്യാപിച്ച ജില്ലകളിൽ 5 പഠനദിനങ്ങൾ )

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയെ തുടർന്ന് ആഗസ്റ്റ് 3, 4 തീയതികളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതോടെ ആഗസ്റ്റ് മാസത്തിലെ അധ്യയന കലണ്ടർ ഏറെ ചുരുങ്ങി. മഴമൂലമുള്ള അവധിക്ക് പുറമെ രണ്ടാം ശനി, കർക്കിടക വാവ്, സ്വാതന്ത്ര്യദിനം, ഒന്നാം പാദ പരീക്ഷ, ഓണാഘോഷം, ഓണാവധി എന്നിവയും തുടർച്ചയായി വരുന്നതിനാൽ ഈ മാസം സാധാരണ ക്ലാസുകൾ നടക്കുന്നത് ആറ് ദിവസം മാത്രമാകും.

ഈ ആഴ്ച ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുക. ആഗസ്റ്റ് 8-ന് രണ്ടാം ശനിയാഴ്ചയായതിനാൽ അവധിയാണ്. തുടർന്ന് ആഗസ്റ്റ് 10, 11 തീയതികളിൽ ക്ലാസുകൾ ഉണ്ടായിരിക്കും. ആഗസ്റ്റ് 12-ന് കർക്കിടക വാവ് പ്രമാണിച്ചും 15-ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചും അവധിയാണ്.

ആഗസ്റ്റ് 13 മുതൽ 20 വരെ ഒന്നാം പാദ പരീക്ഷ നടക്കും. പരീക്ഷയ്ക്ക് ശേഷം 21-ന് സ്‌കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കും. തുടർന്ന് ഒമ്പത് ദിവസത്തെ ഓണാവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കും. ഓണാവധിക്ക് ശേഷം ആഗസ്റ്റ് 31-നാണ് സ്‌കൂളുകൾ വീണ്ടും തുറക്കുക.

തുടർച്ചയായ മഴയും വിവിധ അവധികളും പരീക്ഷാ ക്രമീകരണങ്ങളും കാരണം ആഗസ്റ്റ് മാസത്തിൽ വിദ്യാർഥികൾക്ക് ലഭിക്കുന്ന സാധാരണ പഠനദിനങ്ങൾ ആറ് ദിവസമായി ചുരുങ്ങുകയാണ്. ബുധനാഴ്ച അവധിയായ ജില്ലകളിൽ ഇനി 5 ദിവസമാണ് പഠനം നടക്കുക

 മഴക്കെടുതി മൂലം ദുരിത്വാശസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഇടങ്ങളിൽ പഠനത്തിൽ ഉണ്ടായ നഷ്ടം കൂടി കണക്കിലെടുക്കുമ്പോൾ അധ്യയനം കൂടുതൽ പ്രതിസന്ധിയിലാകുമെന്ന ആശങ്ക അധ്യാപകരും രക്ഷിതാക്കളും പങ്കുവെക്കുന്നു.

Post a Comment

Previous Post Next Post