മഴമൂലമുള്ള അവധികളിൽ ഓൺലൈൻ ക്ലാസ്സുകൾ അനിവാര്യം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ഒരാഴ്ചയായി ഇടവിട്ടും , തുടർച്ചയായും അവധി പ്രഖ്യാപിപ്പിക്കുന്ന സാഹചര്യങ്ങളിൽ വിദ്യാർഥികൾക്ക് അവധി സന്തോഷകരമായ അനുഭവമാണെങ്കിലും, തുടർച്ചയായ പഠനമുടക്കം അക്കാദമിക പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

കോവിഡ് മഹാമാരിക്കാലത്ത് വിജയകരമായി നടപ്പാക്കിയ ഓൺലൈൻ പഠനരീതി ഇത്തരം അടിയന്തര സാഹചര്യങ്ങളിലും പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ഉയരുകയാണ്. 

പ്രകൃതി ദുരന്തം, കനത്ത മഴ തുടങ്ങിയ കാരണങ്ങളാൽ പെട്ടെന്ന് അവധി പ്രഖ്യാപിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നിർബന്ധമാക്കിയാൽ പഠനത്തിന്റെ തുടർച്ച ഉറപ്പാക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ രംഗത്തുള്ളവരുടെ അഭിപ്രായം.

നിലവിൽ സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും ഓരോ ക്ലാസ് അടിസ്ഥാനത്തിലും വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാണ്. 

2020-ന് ശേഷം ഓൺലൈൻ പഠനത്തിന്റെയും ആശയവിനിമയത്തിന്റെയും അനുഭവം അധ്യാപകർക്കും വിദ്യാർഥികൾക്കും ലഭ്യമായതിനാൽ അധിക സംവിധാനങ്ങളില്ലാതെ തന്നെ ക്ലാസുകളും പഠനസാമഗ്രികളും വിദ്യാർഥികളിലെത്തിക്കാനാകും.ആഗസ്റ്റ് 13 മുതൽ ഓണക്കാല പരീക്ഷകൾ ആരംഭിക്കാനിരിക്കെ മഴയെ തുടർന്നുള്ള പഠനമുടക്കം വിദ്യാർഥികളുടെ പരീക്ഷാ തയ്യാറെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. വരും ദിവസങ്ങളിലെ കാലാവസ്ഥ അനിശ്ചിതമായ സാഹചര്യത്തിൽ, പെട്ടെന്നുള്ള അവധി ദിനങ്ങളിൽ ഓൺലൈൻ പഠനം നിർബന്ധമാക്കുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

Post a Comment

Previous Post Next Post