തൃശ്ശൂർ സിറ്റി പോലീസിൻെറ 'വഴികാട്ടി' പ്രൊജക്റ്റിന് ദേശീയതലത്തിൽ സ്കോച്ച് (SKOCH) അവാർഡ് ബഹുമതി.


 തൃശ്ശൂർ സിറ്റി പോലീസ് നടപ്പിലാക്കിയ ഡിജിറ്റലൈസ്ഡ് വാഹന പാർക്കിംഗ് സംവിധാനമായ 'വഴികാട്ടി'ക്ക് ദേശീയതലത്തിൽ ശ്രദ്ധേയമായ നേട്ടം. ഭരണനിർവ്വഹണത്തിലും സാങ്കേതികവിദ്യയിലുമുള്ള മികവിന് സ്കോച്ച് (SKOCH) ഗ്രൂപ്പ് നൽകുന്ന അവാർഡ് ബഹുമതിയ്ക്കാണ് 'വഴികാട്ടി' അർഹമായത്.

​തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് IPS, എന്നിവരുടെ കൃത്യമായ നേതൃത്വമാണ് ഈ പദ്ധതിയെ വിജയിപ്പിക്കുന്നതിലും ദേശീയ പുരസ്കാര നേട്ടത്തിലേക്ക് നയിക്കുന്നതിലും പ്രധാന പങ്കുവഹിച്ചത്.

VVIP ​സുരക്ഷാ ബന്ദവസ്സുകൾ, ഉത്സവങ്ങൾ, സംസ്ഥാനതല കലകായിക മത്സരങ്ങൾ, എന്നിങ്ങനെ സുപ്രധാന പരിപാടികൾ നടക്കുന്ന സമയങ്ങളിൽ പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ പാർക്കിംഗ് സൗകര്യം ഉറപ്പാക്കുന്നതിനും പിന്നീട് വാഹനം എളുപ്പത്തിൽ കണ്ടെത്തുന്നതിനും, പ്രോഗ്രാം നടക്കുന്ന വിവിധയിടങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിനുമായി തൃശ്ശൂർ സിറ്റി പോലീസ് വികസിപ്പിച്ചെടുത്ത ക്യുആർ കോഡ് അധിഷ്ഠിത ലൊക്കേഷൻ ഫൈൻഡർ സംവിധാനമാണ് 'വഴികാട്ടി'.

​'വഴികാട്ടി'യുടെ പ്രധാന സവിശേഷതകൾ:

​എളുപ്പത്തിൽ പാർക്കിംഗ് കണ്ടെത്താം: പ്രധാന പരിപാടികളോട് അനുബന്ധിച്ച് ലൊക്കേഷൻ ക്യുആർ കോഡ് വഴി ലഭ്യമായ പാർക്കിംഗ് സ്ഥലങ്ങൾ വേഗത്തിൽ കണ്ടെത്താൻ പൊതുജനങ്ങൾക്ക് സാധിക്കും.

​ജി.പി.എസ് വഴി വാഹനം തിരിച്ചറിയാം: വാഹനം പാർക്ക് ചെയ്ത ശേഷം പാർക്കിംഗ് സ്ഥലത്തെ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ വാട്ട്സ്ആപ്പ് വഴി ഗൂഗിൾ മാപ്പ് ലിങ്ക് ലഭിക്കുന്നു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനം എവിടെയാണ് പാർക്ക് ചെയ്തിരിക്കുന്നത് എന്ന് കൃത്യമായി കണ്ടെത്തി അവിടെ എത്തിച്ചേരാൻ ഇത് സഹായിക്കുന്നു.

​തത്സമയ ഡാറ്റയും ഒഴിവുകളും: പാർക്കിംഗ് സ്ഥലങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ ഡാറ്റാബേസിൽ തത്സമയം രേഖപ്പെടുത്തുന്നതിനാൽ ഒഴിവുള്ള പാർക്കിംഗ് സ്പോട്ടുകൾ വേഗത്തിൽ അറിയാൻ സാധിക്കും.

​സുരക്ഷയും അന്വേഷണ മികവും: പാർക്കിംഗ് ഡാറ്റാബേസിൽ രേഖപ്പെടുത്തുന്ന വാഹന നമ്പറും മൊബൈൽ നമ്പറും ഭാവിയിൽ പോലീസിന്റെ കുറ്റകൃത്യ അന്വേഷണങ്ങൾക്കും സുരക്ഷാ പരിശോധനകൾക്കും ഏറെ പ്രയോജനകരമാണ്.

​സാങ്കേതികവിദ്യ ജനനന്മയ്ക്കും ജനകീയ സേവനങ്ങൾക്കുമായി കൃത്യമായി ഉപയോഗപ്പെടുത്തിയതിനാണ് 'ഗവേണൻസ് ആൻഡ് ടെക്നോളജി' (Governance and Technology) വിഭാഗത്തിൽ തൃശ്ശൂർ സിറ്റി പോലീസിന് ഈ ദേശീയ ബഹുമതി ലഭിച്ചത്.


തൃശ്ശൂർ സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് സബ് ഇൻസ്‌പെക്ടർ ശ്രീ. ബോബി ചാണ്ടിയാണ് വഴികാട്ടി എന്ന നൂതന സാങ്കേതിക വിദ്യ ആസൂത്രണം ചെയ്ത് നിർമ്മിച്ചത്. കേരള പോലീസ് വിവിധ ട്രാഫിക് ജംഗ്ഷനുകളിൽ സ്ഥാപിച്ച കാഴ്ച കേൾവി പരിമിതർക്ക് സുരക്ഷിതമായി റോഡ് ക്രോസ്സ് ചെയ്യുന്നതിനുള്ള സംവിധാനമായ ബഡ്ഡി സീബ്രയും, ശ്വാസത്തിലെ ആൽക്കഹോളിൻെറ അളവ് കണ്ടെത്തുന്ന ആൽക്കോമീറ്ററും ബോബി ചാണ്ടിയുടെ കണ്ടെത്തലുകളാണ്.

Post a Comment

Previous Post Next Post