ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം..


 ചങ്ങരംകുളം:കക്കിടിപ്പുറം വടക്കേപ്പാടത്ത് നിയന്ത്രണം വിട്ട കാർ സമീപത്തെ ക്വാർട്ടേഴ്സിന്റെ മതിലിലിടിച്ച് അപകടം. എടപ്പാളിൽ നിന്ന് ചങ്ങരംകുളത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിനും മതിലിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.


ഇടയ്ക്കിടെ അപകടങ്ങൾ സംഭവിക്കുന്ന മേഖലയാണിത്. പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർക്ക് വളവ് വ്യക്തമായി കാണാൻ കഴിയാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. വളവിനോട് അടുത്തെത്തുമ്പോൾ മാത്രമാണ് റോഡിന്റെ ദിശ വ്യക്തമായി മനസ്സിലാകുന്നത്. ഇതോടെ വാഹനങ്ങളുടെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുകയും അപകടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.


അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അടിയന്തരമായി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുകയും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post