എടപ്പാൾ: അത്തം പിറക്കുമ്പോൾ പൂക്കളെത്തുന്നത് വീടുകളിലേക്ക് മാത്രമല്ല, ചില മനസ്സുകളിലേക്കും കൂടിയാണ്. തവനൂരിലെ സാമൂഹ്യക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് അത്തപ്പൂക്കളമൊരുക്കാൻ ഇത്തവണയും എടപ്പാളിലെ സന്നദ്ധ സംഘടനയായ നാട്ടുനന്മ പൂക്കളുമായെത്തി.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ചെണ്ടുമല്ലിപ്പൂക്കളുമായി നാട്ടുനന്മ ഇവരുടെ ഓണാഘോഷത്തിന്റെ ഭാഗമാകുന്നു. ഓണത്തിന്റെ നിറങ്ങളും സന്തോഷവും പങ്കുവെക്കാൻ പൂക്കളുമായെത്തുന്ന ഈ സ്നേഹസന്ദർശനം പലർക്കും കാത്തിരിക്കുന്നൊരു ഓർമ കൂടിയാണ്.
തവനൂർ വയോജനമന്ദിരം, ചിൽഡ്രൻസ് ഹോം (ആൺ, പെൺ), റെസ്ക്യൂ ഹോം, മഹിളാ മന്ദിരം, പ്രതീക്ഷ ഭവൻ എന്നിവിടങ്ങളിലെ അന്തേവാസികൾക്കാണ് പൂക്കൾ വിതരണം ചെയ്തത്.
കെ.പി. ഉഷാകുമാരി, സുനിൽ ചങ്ങരംകുളം, വനജ സുരേഷ്, ലിജിത പ്രശാന്ത്, ലക്ഷ്മി ദേവി അയങ്കലം, പി.പി. വിമല എന്നിവർ പൂക്കൾ വിതരണത്തിന് നേതൃത്വം നൽകി.
ഓണം ആഘോഷിക്കുന്നത് പൂക്കളമൊരുക്കിയും സദ്യയൊരുക്കിയും മാത്രമല്ല, സന്തോഷം പങ്കിടുമ്പോഴാണെന്ന സന്ദേശം കൂടിയാണ് നാട്ടുനന്മയുടെ ഈ സ്നേഹയാത്ര.


