ഹിസ്റ്ററി ഫോറത്തിന്റെ നേതൃത്വത്തിൽ കുന്നംകുളത്തെ ചരിത്ര-പൈതൃക സ്‌മാരകങ്ങൾ സന്ദർശിക്കുന്ന "വേരുകൾ തേടി" എന്ന പ്രോജെക്ടിന്റെ ഭാഗമായുള്ള "ഹെറിറ്റേജ് റൈഡ്" യാത്ര കുന്നംകുളം മുനിസിപ്പൽ ഉപാധ്യക്ഷൻ പി ജി ജയപ്രകാശ് ഫ്ലാഗ്ഓഫ് ചെയ്തു. വേദക്കാട് നടന്ന ചർച്ചയിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥ് സി ജിയും പങ്കെടുത്തു.
കുന്നംകുളം -ദി ലാൻഡ് ഓഫ് ഒറിജിനൽസ് എന്ന ആശയപ്രചാരാണാർത്ഥം നടക്കുന്ന യാത്രയിൽ തൃശ്ശൂർ, എറണാകുളം, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുമായി 25 പേർ പങ്കെടുത്തു. പൈതൃക യാത്ര സംഘത്തിൽ ചരിത്രകാരന്മാരായ ഡോ. രാജൻ ചുങ്കത്ത്, ശ്രീ. രാജിവ് പള്ളിക്കോണം, ജോബ് വർഗീസ്, ഗീവർഗീസ് കുന്നംകുളം എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. .
ലോക പ്രശസ്തമായ കേരള കലാമണ്ഡലം ആദ്യം രൂപംകൊണ്ട മണക്കുളം, കക്കാട് മഠപ്പാട്,കക്കാട് വാദ്യകല ക്ഷേത്രം, പ്രാചീന സ്മാരകങ്ങളായ കക്കാട്, വേദക്കാട് മുനിയറകൾ , പതിനെട്ടര കവി പയ്യൂർ പട്ടേരിമാരുടെ പോർക്കളത്തെ ചരിത്ര ശേഷിപ്പുകൾ, ചൊവ്വന്നൂർ തന്ത്ര വിദ്യാപീഠം, തുടങ്ങിയവയുടെ ചരിത്രത്തിലൂടെയും കലശമലയിലെ യുനെസ്കോ പട്ടികയിലുള്ള ചോലവനം, നരിമട എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി. ചരിത്രന്വേഷണ യാത്രകളുടെ പ്രസക്തി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം യാത്രകൾ അനിവാര്യമാണെന്നും ഹിസ്റ്ററി ഫോറത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ പൂർണപിന്തുണ ഉണ്ടാകുമെന്നും മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പി ജി ജയപ്രകാശ് അറിയിച്ചു. വിവിധ ചരിത്ര ഇടങ്ങളിലേക്കുള്ള പൈതൃക യാത്രകൾ ഇനിയും തുടരുമെന്ന് ഹിസ്റ്ററി ഫോറം പ്രസിഡന്റ് കിഷോർ ലാൽ , സെക്രട്ടറി ഷീബ ടീച്ചർ, ട്രഷറർ പ്രഷോഭ് മാഷ് എന്നിവർ അറിയിച്ചു.


