വാർത്താ മാധ്യമങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ‘മെറ്റ’. പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടെയും നിർദേശപ്രകാരമല്ലെന്നും കമ്പനിയുടെ എഐ (AI) സോഫ്റ്റ്‌വെയർ അപ്ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതിക പിഴവാണെന്നുമാണ് മെറ്റയുടെ വിശദീകരണം. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിങിനെ അറിയിച്ചു.
നിലവിൽ ഈ സാങ്കേതിക തകരാർ പരിഹരിച്ചതായും നീക്കം ചെയ്യപ്പെട്ട എല്ലാ പോസ്റ്റുകളും പുനസ്ഥാപിച്ചതായും മെറ്റ ഔദ്യോഗികമായി അറിയിച്ചു. ഈ വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പരാതികളും ഉയർന്നിരുന്നു. തുടർന്ന് കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിങ് മെറ്റയോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
വിവാദം ഉയർന്നതോടെ സംഭവത്തിൽ പങ്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പോലീസ് സൈബർ വിഭാഗവും അറിയിച്ചിരുന്നു. രാഷ്ട്രീയ വിമർശന സ്വഭാവമുള്ള പോസ്റ്റുകൾ നീക്കംചെയ്യാൻ ആവശ്യപ്പെടാറില്ലെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. അതേസമയം വ്യക്തിപരമായി അവഹേളിക്കുന്നതും അശ്ലീല സ്വഭാവമുള്ളതുമായ പോസ്റ്റുകൾ നീക്കാൻ ആവശ്യപ്പെടാറുണ്ട്. നീക്കംചെയ്തുവെന്ന് ആരോപണം ഉയർന്ന പോസ്റ്റുകൾ ഈ വിഭാഗത്തിൽപ്പെട്ടവയല്ല. പോസ്റ്റുകൾ നീക്കം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം


