കുന്നംകുളം: നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ച കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിൽ വിവിധ സർക്കാർ ഓഫീസുകൾ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ എം.എൽ.എയുടെ അധ്യക്ഷതയിൽ എം.എൽ.എ ഓഫീസിൽ വെച്ച് ഉദ്യോഗസ്ഥരുടെ പ്രത്യേക അവലോകന യോഗം ചേർന്നു.
മന്ദിരത്തിൽ ഓരോ വകുപ്പുകൾക്കും അലോട്ട് ചെയ്തിട്ടുള്ള മുറികളുടെ അളവുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കെട്ടിടവിഭാഗം എഞ്ചിനീയർ രേഖപ്പെടുത്തി തഹസിൽദാറുടെ മേലൊപ്പോടെ നഗരസഭയ്ക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ഓരോ ഓഫീസിനും പ്രത്യേകം നമ്പറുകൾ നൽകും. നമ്പറിട്ട് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് കെ.എസ്.ഇ.ബി പ്രത്യേകം മീറ്റർ ബോർഡുകൾ സ്ഥാപിക്കുന്നതാണ്. കൂടാതെ വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്നതിനായി കെട്ടിടവിഭാഗവും വാട്ടർ അതോറിറ്റിയും ചേർന്ന് സംയുക്ത പരിശോധന നടത്താനും തീരുമാനമായി.
വിവിധ വകുപ്പുകളുടെ സീറ്റിംഗ് അറേഞ്ച്മെന്റുകളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കൽ അന്തിമഘട്ടത്തിലാണെന്നും കെട്ടിടവിഭാഗം എ.ഇ അറിയിച്ചു. ഈ എസ്റ്റിമേറ്റ് വേഗത്തിൽ പൂർത്തിയാക്കി എത്രയും പെട്ടെന്ന് ഭരണാനുമതിക്കായി സർക്കാരിലേക്ക് സമർപ്പിക്കാൻ എം.എൽ.എ നിർദ്ദേശം നൽകി.
യോഗത്തിൽ കുന്നംകുളം തഹസിൽദാർ ഷാജി ടി.കെ, പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം എ.ഇ അജിമോൾ ടി.ജെ, ഇലക്ട്രിക്കൽ എ.ഇ അബ്ദുറഹ്മാൻകുട്ടി, വാട്ടർ അതോറിറ്റി എ.ഇ ലിമി ഒ.ടി, നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനയ് ബോസ് ഇ.സി എന്നിവർക്ക് പുറമെ ഇലക്ട്രോണിക്സ് വിഭാഗം, മൈനർ ഇറിഗേഷൻ, സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസ്, ഫുഡ് & സേഫ്റ്റി ഓഫീസ്, ലേബർ ഓഫീസ്, സപ്ലൈ ഓഫീസ്, ഇറിഗേഷൻ ഓഫീസ്, കെ.എസ്.ഇ.ബി തുടങ്ങിയ വിവിധ വകുപ്പുകളിലെ പ്രതിനിധികളും പങ്കെടുത്തു.


