സ്ത്രീകൾ ജാഗ്രതൈ; 'പ്രിയദർശിനി'യിൽ തിരക്ക് മറയാക്കി മോഷ്ടാക്കൾ സജീവം


 തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദര്‍ശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണ സംഘങ്ങള്‍ സജീവം. മാല മോഷ്ടാക്കളും പോക്കറ്റടിക്കാരും തട്ടിപ്പിനായി പ്രിയദര്‍ശിനി ബസ് താവളമാക്കുകയാണ്.   യാത്രക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രതികളുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പിന്നില്‍ തമിഴ്‌നാട് സംഘങ്ങളാണെന്നാണ് വിവരം.   വയനാട് ജില്ല കേന്ദ്രീകരിച്ചാണ് മോഷണ സംഘങ്ങളുടെ പ്രവര്‍ത്തനം. തമിഴ്‌നാട് സ്വദേശികളായ പത്തിലധികം പേരടങ്ങിയ മോഷണ സംഘം പ്രദേശത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഷാള്‍ മറപിടിച്ചാണ് മോഷ്ടാക്കള്‍ സ്ത്രീകളുടെയും വയോധികരുടെയും മാലയും ആഭരണങ്ങളും കവരുന്നത്.   അത്യാവശ്യ ഘട്ടങ്ങളില്‍ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 121ല്‍ ബന്ധപ്പെടാന്‍ നിര്‍ദേശമുണ്ട്. മാസ്‌ക് ധരിച്ച് ആരെങ്കിലും പിന്തുടരുന്നതായി സംശയം തോന്നിയാല്‍ ഉടന്‍ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക് മാറണമെന്നും ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.   കഴിഞ്ഞ ദിവസം ബസ് സര്‍വീസ് നടത്താന്‍ ബത്തേരി ഡിപ്പോയിലെ ജീവനക്കാര്‍ വിസമ്മതം അറിയിച്ചിരുന്നു. ഗുണ്ടല്‍പേട്ട് അടക്കമുള്ള സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളില്‍ ദിനംപ്രതി തിരക്ക് കൂടുകയാണെന്നാണ് ജീവനക്കാരുടെ ഭാഗം.   വാവുബലി ദിനത്തില്‍ തിരുനെല്ലിയിലേക്ക് സര്‍വീസ് നടത്തിയ ബസില്‍ മോഷണം നടന്നിരുന്നു. വയനാടിന് പുറമെ തൃശൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post