ഓണാഘോഷത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭയിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് പരിചരണത്തിൽ കഴിയുന്ന രോഗികൾക്കായി പ്രത്യേക ഓണക്കിറ്റ് വിതരണം ചെയ്തു. ചെയർപേഴ്‌സൺ സൗമ്യ അനിലൻ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
നഗരസഭാ പരിധിയിലെ 141 പാലിയേറ്റീവ് രോഗികൾക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. രോഗവിലക്കുകളാൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഓണക്കാലത്ത് കരുതലും ആശ്വാസവും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കിയത്. അരി, വൈവിധ്യമാർന്ന പലവ്യഞ്ജന സാധനങ്ങൾ തുടങ്ങി അടുക്കളയിലേക്ക് ആവശ്യമായ അത്യന്താപേക്ഷിത സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഈ ഓണക്കിറ്റ്.
നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി.ജി. ജയപ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പുഷ്പ ജോൺ, മിനി മോൻസി, മിഷ സെബാസ്റ്റ്യൻ, ടി. സോമശേഖരൻ, ആർഷ ജിജു എന്നിവർ ആശംസകൾ നേർന്നു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഷാജി ആലിക്കൽ, ശ്രീജിത്ത് ആവേൻ, സോമൻ ചെറുകുന്ന്, വിവിധ വാർഡ് കൗൺസിലർമാർ, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മണികണ്ഠൻ, പാലിയേറ്റീവ് കെയർ ജീവനക്കാർ, ആശാ വർക്കർമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.


