ചമ്രവട്ടം പദ്ധതി :അടിയന്തരമായി ലക്ഷ്യം പൂർത്ഥീകരിക്കണം കർശന താക്കീതുമായി മന്ത്രി


 ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ചോർച്ച,കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ്,കൂട്ടായി ലോ കം ബ്രിഡ്ജ്,ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതികൾ എന്നിവ വേഗത്തിലാക്കുവാൻ 

ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ ചെമ്പറിൽ അഡ്വ വി.എസ്‌ ജോയ് എം.എൽ.എയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾ,വകുപ്പ് തല ഉദ്യോഗസ്ഥന്മാർ തുടങ്ങിയവരുടെ യോഗം ചേർന്നു.

         യോഗത്തിൽ ചമ്രവട്ടം പദ്ധതി അടിയന്തരമായി ലക്ഷ്യം പൂർത്ഥീകരിക്കണമെന്നുള്ള കർശന താക്കീത് മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകി.

         ചമ്രവട്ടം പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി റിപ്പോർട്ട്‌ ആവശ്യപ്പെടുകയും അടുത്ത മെയ് മാസത്തിനു മുൻപായി റഗുലേറ്ററിന്റെ ചോർച്ചയടക്കുന്ന ഷീറ്റ് പൈലിങ് പ്രവൃത്തികൾ പൂർത്തീകരിക്കുവാനും,വെള്ളം സംഭരിക്കുവാനും കർശന നിർദ്ദേശം നൽകി.

         വർഷങ്ങളായി ചോർന്നൊലിക്കുന്ന ചമ്രവട്ടം പദ്ധതിയുടെ ചോർച്ച പരിഹരിച്ചു അടുത്ത സീസണിൽ ജലം സംഭരിക്കാനുള്ള നടപടി ഉണ്ടാവുമെന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.

         ചമ്രവട്ടം പദ്ധതിയെ  വെള്ളാനയായി മുന്നോട്ട് കൊണ്ട് പോവാൻ അനുവദിക്കരുതെന്നും,പദ്ധതിയുടെ പ്രവർത്തനത്തിന് ഉന്നത തല മേൽനോട്ടമുണ്ടാകണമെന്നും എം.എൽ.എ അഡ്വ. വി.എസ് ജോയ് യോഗത്തിൽ ആവശ്യപ്പെട്ടു. 

        കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജ് വേഗത്തിൽ നിർമ്മിക്കാമെന്നും പാലം പണി കഴിയുന്നത് വരെ ഗതാഗതത്തിന് താൽക്കാലിക ബണ്ട് നിർമ്മിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി.

       പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പഠനം സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

         വട്ടംകുളം,കാലടി,തവനൂർ,എടപ്പാൾ പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി 2 മാസം കൊണ്ട് കമ്മീഷൻ ചെയ്യാമെന്നും,തൃപ്രങ്ങോട്,പുറത്തൂർ,മംഗലം പഞ്ചായത്തുകളിലെ ജലജീവൻ കുടിവെള്ള പദ്ധതി 2027 ൽ പൂർത്തിയാക്കുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ മന്ത്രിക്ക് ഉറപ്പ് നൽകി. 

        2 മാസത്തിനകം മന്ത്രി പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കും.

       യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്,ജലവിഭവ വകുപ്പ് സെക്രട്ടറി സുഹാസ് ഐ.എ.എസ്,വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ,ചീഫ് എൻജീനിയർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമാർ,പഞ്ചായത്ത് പ്രസിഡന്റുമാർ,ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്തു.

Post a Comment

Previous Post Next Post