സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം പിറന്നതോടെ, മലയാളി ഓണാവേശത്തിലേക്ക് കടന്നു. ഇനി പൂ പറിച്ചും പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും ഓണനാളുകളായിരിക്കും. അത്തം പത്തിന് പൊന്നോണം എന്നാണ് ചൊല്ലെങ്കിലും ഇക്കുറി പതിനൊന്നാം നാളാണ് പൊന്നോണം.
കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാതിരുന്ന, സമ്പൽസമൃദ്ധമായ കാലത്തിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ഓണക്കാലവും. സമത്വസുന്ദരമായ മാവേലി നാടിന്റെ സ്മരണകളുണർത്തുന്ന ഉത്സവകാലത്തിനാണ് ഇന്ന് തുടക്കമാകുന്നത്. തിരുവോണം വരെയുള്ള ദിവസങ്ങളിൽ വീടുകളിൽ പൂക്കളങ്ങൾ വിരിയുന്ന ഓണക്കാലത്തിന്റെ തിരക്കുകളിലേക്ക് നാട് ഉണർന്നുകഴിഞ്ഞു. വസ്ത്ര, പൂ വിപണികൾ ഇതോടകം തന്നെ സജീവമായിക്കഴിഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം വിപണിയിലേക്ക് പൂക്കൾ എത്തിത്തുടങ്ങിയിട്ടുണ്ട്.


