തിരൂരിൽ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും ലോക്ക് നമ്പറും പിടിച്ചുവാങ്ങി കവർച്ച നടത്തുകയും ഫോണിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.
കഴിഞ്ഞ മാസം 10-ന് ആലത്തിയൂരിലെ ക്ലബ്ബിൽ ഇരിക്കുകയായിരുന്ന യുവാവിനെയാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്
. സുഹൃത്തിനെ കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫോൺ വിളിച്ച് ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് തോക്ക് ചൂണ്ടി മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയായിരുന്നു. തുടർന്ന് ഫോണിന്റെ ലോക്ക് നമ്പറും വാങ്ങിയ ശേഷം പോലീസിൽ പരാതി നൽകിയാൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി.
പിന്നീട് ഫോണിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ യുവാവിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇൻസ്റ്റഗ്രാം വഴി അയച്ചുനൽകിയതായും പോലീസ് പറഞ്ഞു.
കേസിൽ പരിയാപുരം കടപ്പുറം മൂസൻ്റെ പുരക്കൽ സാദിഖ് (32), കെപുരം പട്ടരുര പറമ്പ് പാലേരിഫാസിൽ (32), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാദിഖിനെ തിരൂരിലെ ലോഡ്ജിൽനിന്നും ഫാസിലിനെ കെപുരത്തെ വീട്ടിൽനിന്നുമാണ് പിടികൂടിയത്.
സാദിഖിന്റെ പേരിൽ താനൂർ, പരപ്പനങ്ങാടി, തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ പി. മേപ്പള്ളിയുടെ മേൽനോട്ടത്തിൽ എസ്.ഐമാരായ സുജിത്ത്, നസീർ തിരൂർക്കാട്, എ.എസ്.ഐ സനോജ്, എസ്.സി.പി.ഒമാരായ ഇന്ദ്രജിത്ത്, ഷെമിത്ത് ലാൽ, സി.പി.ഒമാരായ ടോണി, അനന്തു, ഷിൻസൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്


